അർബുദ ബാധിതനെ മൂന്നാം നിലയിലെത്തിച്ച് രജിസ്ട്രേഷൻ; സബ് രജിസ്ട്രാർക്ക് സസ്പെൻഷൻ
text_fieldsകട്ടപ്പന: അർബുദ ബാധിതനോട് മാനുഷിക പരിഗണന കാണിക്കാതിരുന്ന കട്ടപ്പന സബ് രജിസ്ട്രാറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാർ ജി. ജയലക്ഷ്മിയെയാണ് മന്ത്രി ജി. സുധാകരൻ സസ്പെൻഡ് ചെയ്തത്.
ചെറുശ്ശേരിയിൽ പരേതനായ ടി.ജെ. ജോസഫിെൻറ മകൻ സുനീഷ് ജോസഫിനോട് മനുഷ്യത്വപരമായി ഇവർ പെരുമാറിയില്ലെന്നാണ് പരാതി. കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറായിരുന്ന സുനീഷ് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച് കഴിഞ്ഞ ഞായറാഴ്ച മരിച്ചു.
10 മാസം മുമ്പാണ് സുനീഷിന് പി.എസ്.സി വഴി ഡ്രൈവറായി ജോലി ലഭിക്കുന്നത്. ആദ്യ നിയമനം ലഭിച്ചത് കരുണാപുരം പഞ്ചായത്തിലാണ്. ജോലിയിൽ ഒരു മാസം പിന്നിടുമ്പോഴാണ് അർബുദ ബാധിതനാണെന്ന് അറിയുന്നത്. തുടർന്ന് സുനീഷ് സർവിസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനും തെൻറ പേരിൽ അവശേഷിച്ച വീടും ഭൂമിയും ഭാര്യയുടെ പേരിലാക്കാനും കട്ടപ്പനയിലെ ആധാരമെഴുത്ത് ഓഫിസിലെത്തി . കോവിഡ്19 ഭീതിയുടെ പശ്ചാത്തലത്തിൽ കിടപ്പുരോഗിയായ സുനീഷിെൻറ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സബ് രജിസ്ട്രാർ ഓഫിസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
ആധാരവുമായി സബ് രജിസ്ട്രാർ ഓഫിസിലെത്തിയെങ്കിലും സുനീഷിെൻറ സ്ഥിതി ഗുരുതരമായിരുന്നതിനാൽ ആംബുലൻസിൽ നിന്ന് പുറത്തിറക്കാനാകുമായിരുന്നില്ല. ഇതേ തുടർന്ന് കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മറ്റു സുഹൃത്തുക്കളും ആംബുലൻസിനടുത്തേക്ക് വന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് തരണമെന്ന് രജിസ്ട്രാറോട് അപേക്ഷിച്ചു. മിനി സിവിൽ സ്റ്റേഷെൻറ മൂന്നാം നിലയിലാണ് ഓഫിസ്. എന്നാൽ, സീറ്റിനടുത്ത് ആളെ എത്തിച്ചാൽ രജിസ്ട്രേഷൻ നടത്തി തരാമെന്നും അല്ലാതെ പറ്റില്ലെന്നും പറഞ്ഞ് പ്രസിഡൻറിനെയും മറ്റുള്ളവരെയും ഇറക്കിവിട്ടു.തുടർന്ന് കസേരയിൽ ഇരുത്തി സുനീഷിനെ രജിസ്ട്രാറുടെ അടുക്കൽ എത്തിക്കുകയായിരുന്നു. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. ഒമ്പതിന് സുനീഷ് മരിച്ചു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്.
രജിസ്ട്രാർ ഓഫിസിൽ പോകുന്നതിന് മുമ്പ് സുനീഷിനെ കട്ടപ്പന പി.എസ്.സി ഓഫിസിന് സമീപം എത്തിച്ച് സർവിസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. ഈ സമയം ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥർ അഞ്ചാംനിലയിൽനിന്ന് താഴെ ആംബുലൻസിന് അരികിൽ എത്തിയാണ് നടപടികൾ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.