അഞ്ച് പതിറ്റാണ്ടിന്റെ കാവ്യതപസ്യയുമായി ഹൈറേഞ്ചിന്റെ കവി
text_fieldsകട്ടപ്പന: കാവ്യ തപസ്യയുടെ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഹൈറേഞ്ചിന്റെ കവി സുഗതൻ കരുവാറ്റക്ക് സപ്തതിയുടെ നിറവ്. കട്ടപ്പന സ്വദേശി സുഗതൻ കരുവാറ്റയെ അറിയാത്തവർ ജില്ലയിൽ വിരളമാണ്. ബിവറേജ് കോർപറേഷനിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും കവിതാ രചനയിലും കവിതാ ആലാപനത്തിലും സമയം കണ്ടെത്തുന്ന സുഗതൻ മലയോരത്തെ സ്നേഹിക്കുന്ന പ്രകൃതിസ്നേഹി കൂടിയാണ്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്നും ഇടുക്കിയിലെ കട്ടപ്പനയിലെത്തി ഹൈറേഞ്ചിന്റെ മണ്ണിൽ കാവ്യവസന്തം വിരിയിച്ച കവിയാണ് സുഗതൻ കരുവാറ്റ. കാവ്യരചനയുടെ അഞ്ച് പതിറ്റാണ്ട് തികയുമ്പോൾ സപ്തതിയുടെ നിറവിലാണ് കവി. സ്കൂൾ കാലഘട്ടം മുതൽ ഇദ്ദേഹം കവിതാരചനയിൽ കഴിവ് തെളിയിച്ചിരുന്നു. അമ്പലപ്പുഴ വായനശാലയുടെ മാസികയായ യമുനയിലാണ് 1971ൽ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലും മംഗളം, സഖി, മാതൃഭൂമി, ദേശാഭിമാനി, കൗമുദി വാരികകളിലും സുഗതൻ കരുവാറ്റയുടെ കവിതകൾ അച്ചടിച്ചു വന്നു. പ്രഫഷനൽ, അമച്വർ നാടക സമിതികൾക്കായി ഗാനരചന നടത്തിയായിരുന്നു സാഹിത്യ രംഗത്തേക്ക് കടന്നുവന്നത്. ആകാശവാണി നിലയങ്ങളിൽ നിരവധി കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിക്കൽ ആൽബങ്ങൾക്കും ഹ്രസ്വ ചിത്രങ്ങൾക്കുമായി ഗാനരചന നിർവഹിക്കുന്നു. രാഗസന്ധ്യ, കായൽ, നയമ്പ് എന്നീ മൂന്ന് കവിതാ സമാഹാരങ്ങൾ സുഗതൻ കരുവാറ്റയുടേതായി പുറത്തിറങ്ങി. ഇടുക്കി ജില്ലയിലെ സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായ സുഗതൻ കരുവാറ്റ ഒ.എൻ.വി കുറുപ്പ്, കടമിനിട്ട രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ, ഡി. വിനയചന്ദ്രൻ, മധുസൂദനൻ നായർ തുടങ്ങിയ പ്രമുഖ കവികളോടൊപ്പം കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയൻ ഇടുക്കി ജില്ല സെക്രട്ടറി, കേരള സംസ്ഥാന കലാകാര സഹകരണസംഘം എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പൊതു പ്രവർത്തകയായ പൊന്നമ്മയാണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരനായ സൂര്യജിത്ത്, അഭിനേതാവും മാധ്യമ പ്രവർത്തകനുമായ സൂര്യലാൽ എന്നിവരാണ് മക്കൾ. മാധ്യമ പ്രവർത്തകയായ ജിഷ, അധ്യാപികയായ ശ്യാമ എന്നിവർ മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.