അതിജീവിതയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
text_fieldsകട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതി സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ നിന്നാണ് ഈ സൂചന.
തിങ്കളാഴ്ച രാത്രി ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിച്ച് യുവതി അയച്ച സന്ദേശം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനകളിലും പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു വർഷം മുമ്പ് നടന്ന പീഡനക്കേസിലെ ഇരയായ 18 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ 10.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തിൽ ബെൽറ്റ് മുറുകി മരിച്ച നിലയിൽ കണ്ടത്. യുവതി ഉണരാൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരമറിയുന്നത്. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സമീപ പ്രദേശത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. കട്ടപ്പന ഡിവൈ.എസ്.പി. പി.വി. ബേബി, എസ്. സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.