കൊളുന്ത് വില ഇടിഞ്ഞു; ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ
text_fieldsകട്ടപ്പന: ഉൽപാദനം ഇരട്ടിയായതോടെ തേയില പച്ചക്കൊളുന്ത് വില ഇടിഞ്ഞു. ഫാക്ടറികളും ഏജൻറുമാരും കൊളുന്ത് വാങ്ങുന്നത്തിെൻറ അളവ് നേർപകുതിയാക്കി. ഇതോടെ ജില്ലയിലെ 12,000 ചെറുകിട തേയില കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കാലാവസ്ഥ അനുകൂലമായതാണ് കൊളുന്ത് ഉൽപാദനം കുത്തനെ വർധിക്കാൻ ഇടയാക്കിയത്. ആവശ്യത്തിൽ കൂടുതൽ പച്ചക്കൊളുന്ത് എത്താൻ തുടങ്ങിയതോടെ ഫാക്ടറികൾ പലതും വാങ്ങുന്നത് നിർത്തുകയോ അളവ് നേർപകുതിയാക്കുകയോ ചെയ്തു.
ഇതോടെ കൊളുന്ത് വിലയും ഇടിഞ്ഞു. തേയില ബോർഡ് ആഗസ്റ്റിൽ നിശ്ചയിച്ച തറവില കിലോഗ്രാമിന് 10.32 രൂപയാണ്. എന്നാൽ, ഫാക്ടറികൾ ഗുണനിലവാരമനുസരിച്ചു ഒമ്പത് മുതൽ 10 രൂപ വരെ മാത്രമാണ് കർഷകർക്ക് നൽകുന്നതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. ജില്ലയിലെ തേയില ഫാക്ടറികളിലേറെയും വൻകിട തേയില തോട്ടങ്ങളോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. വളകോട്, വട്ടപ്പതാൽ, വാഗമൺ, പുള്ളിക്കാനം, കാൽവരി മൗണ്ട്, തോപ്രാംകുടി മേഖലകളിൽനിന്ന് പ്രതിദിനം രണ്ടരലക്ഷം കിലോയോളം കൊളുന്താണ് മൂന്നാർ, പീരുമേട്, ഇടുക്കി, വാൽപ്പാറ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്ക് കൊണ്ടുപോയിരുന്നത്. കമ്പനികൾ പിൻവലിഞ്ഞത് കർഷകർക്ക് കനത്ത ആഘാതമായി.
മൂന്നാർ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ചുരുക്കം ചില ഫാക്ടറികൾ കുറഞ്ഞ അളവിൽ കൊളുന്ത് വാങ്ങുന്നുണ്ടെങ്കിലും കിലോക്ക് ഒമ്പത് രൂപ മുതൽ 10 രൂപ വരെയാണ് നൽകുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞത് 10 മുതൽ 15 ശതമാനം വരെ തൂക്കത്തിലും കുറവ് വരുത്തും. ഏതാനും ആഴ്ച മുമ്പ്്് 16 രൂപക്കുവരെ കൊളുന്ത് വിറ്റിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി. വില ഇടിഞ്ഞതോടെ കർഷകർ വിളവെടുപ്പ് സാവധാനമാക്കിയതിനാൽ ചെടികളിൽ നിൽക്കുന്ന കൊളുന്ത് മൂത്ത് ഉപയോഗശൂന്യമാകുകയാണ്. അടുത്തഘട്ടത്തിൽ വിളവെടുപ്പ് നടത്തണമെങ്കിൽ ഇവ വെട്ടിമാറ്റണം. അതിനും പണം മുടക്കേണ്ട ഗതികേടിലാണ് കർഷകർ.
മൂത്ത് നിൽക്കുന്ന കൊളുന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.