ബലാത്സംഗക്കേസ് പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
text_fieldsകട്ടപ്പന: യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. വെള്ളിലാംകണ്ടത്ത് താമസിക്കുന്ന തൃപ്പൂണിത്തുറ,താന്നിയിൽ ഷെയ്സ് പോളിനാണ്(40) വെട്ടേറ്റത്. ഷെയ്സും ഭാര്യയും കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപത്തുള്ള റോഡിൽ നിൽക്കുമ്പോൾ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ബലാത്സംഗ കേസിലെ പ്രതിയായ ഷെയ്സ് ഭാര്യയോടൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപത്തെ സ്വർണം പൂശുന്ന കടക്ക് മുന്നിൽ നിൽക്കുകയായിരുന്നു. ഈ സമയം കാറിൽ വരികയായിരുന്ന, ബലാത്സംഗത്തിനിരയായ യുവതിയുടെ ഭർത്താവ് ഇരുവരെയും കണ്ട് കാർ നിർത്തി പുറത്തിറങ്ങി. തുടർന്ന് സമീപത്തെ ഇരുമ്പ് ആയുധങ്ങൾ വിൽക്കുന്ന കടയിൽ കയറി കത്തിവാങ്ങി ഷെയ്സിന്റെ കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഷെയ്സിന്റെ ഭാര്യ കടന്നു പിടിച്ചു.
എന്നാൽ, പിടിവിടുവിച്ചു കത്തിയുമായി ഓടി കാറിൽ കയറിയ ഇയാളെ പിന്നാലെ ഓടിയെത്തിയെ ഷെയ്സ് കൈയിലിരുന്ന ഹെൽമറ്റ് കൊണ്ട് അടിച്ചു. അടി കാറിന്റെ മുൻവശത്തെ ഗ്ലാസിലാണ് കൊണ്ടത്. ഒച്ചയും ബഹളവും കേട്ട് സമീപത്തെ ടാക്സിഡ്രൈവർമാരും പൊലീസുകാരും ഓടി എത്തി ഷെയ്സിനെ വെട്ടിയയാളെ പിടികൂടി.
കഴുത്തിനു പിന്നിൽ മാരകമായി മുറിവേറ്റ ഷെയ്സിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. 2017 ൽ ഷെയ്സ് പോൾ പ്രതിയായ ബലാത്സംഗക്കേസ് കോടതിയുടെ പരിഗണനയിലാണ്. കട്ടപ്പന സി.ഐ. വിഷാൽ ജോൺസന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.