കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
text_fieldsകട്ടപ്പന: കോവിഡ് പ്രതിരോധ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് ആറു മാസത്തിലധികമായി അടച്ചിട്ടിരുന്ന കാൽവരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു. കട്ടപ്പന-ഇടുക്കി ദേശീയപാതയിൽ കാൽവരി മൗണ്ട് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ മലമുകളിലേക്ക് കയറിയാൽ കല്യാണത്തണ്ട് മലമുകളിലെത്താം. ഇവിടെയാണ് കാൽവരി മൗണ്ട് ഇക്കോ ടൂറിസം കേന്ദ്രം. ഇടുക്കി ഡാമിലെത്തുന്ന വിദേശ-സ്വദേശി ടൂറിസ്റ്റുകളിൽ ഏറെയും കാൽവരി മൗണ്ടിൽ എത്തിയാണ് മടങ്ങുന്നത്.
ആറുമാസത്തിനുശേഷം ടൂറിസ്റ്റ് കേന്ദ്രം തുറന്നതറിഞ്ഞ് നിരവധി പേരാണ് ആദ്യ ദിനം തന്നെ എത്തിയത്. ശരാശരി 500 മുതൽ 2000 പേർവരെ കാൽവരി മൗണ്ടിൽ എത്തുന്നുണ്ട്. ചൊവ്വാഴ്ച രണ്ടായിരത്തോളം സന്ദർശകരാണ് കാൽവരി മൗണ്ടിൽ എത്തിയത്.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സമൂഹ അകലം പാലിച്ചുമാണ് സഞ്ചാരികൾക്ക് സന്ദർശന അനുമതി. ശരീര ഊഷ്മാവ് പരിശോധിക്കുകയും വാഹനങ്ങൾ അണുമുക്തമാക്കുകയും ചെയ്ത ശേഷമാണ് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഇടുക്കി ജലാശയത്തിെൻറ വിദൂര ദൃശ്യമാണ് കാൽവരി മൗണ്ടിെൻറ പ്രധാന ആകർഷണം. കോടമഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന മലനിരകളും അതിെൻറ താഴ്വാരത്ത് വിശാലമായി പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും സഞ്ചാരികളുടെ മനം കുളിർപ്പിക്കും.
ടൂറിസ്റ്റ് കേന്ദ്രം അടച്ചിട്ടതോടെ ഈ മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധിയാളുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തിയാൽ കാൽവരി മൗണ്ടിന് അത് പുത്തനുണർവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.