അയ്യപ്പൻകോവിൽ തൂക്കുപാലത്തെ ശുചിമുറി സമുച്ചയ നിർമാണം തടഞ്ഞു
text_fieldsകട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ സംരക്ഷിത മേഖലയിൽ അതിക്രമിച്ചു കടന്ന് നിർമാണം നടത്തിയെന്ന് പരാതി. അയ്യപ്പൻകോവിൽ തൂക്കുപാലത്തെ ശുചിമുറി സമുച്ചയ നിർമാണം ഡാം സുരക്ഷാ അതോറിറ്റി തടഞ്ഞു. ഇടുക്കി ജലസംഭരണിയുടെ പരിധിയിൽ അതിക്രമിച്ചുകയറി നിർമിക്കുന്നെന്ന് കാട്ടി ഉപ്പുതറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നിർമാണം നിർത്തിയത്. തൂക്കുപാലത്തിനു സമീപത്തെ ശുചിമുറി നിർമാണം രണ്ടാം തവണയാണ് ഡാം സുരക്ഷാ അതോറിറ്റി തടയുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലായിരുന്നു നിർമാണം.
ജില്ല വികസന കമീഷണറായിരുന്ന അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്നുമാണ് ശുചിമുറി നിർമാണം ആരംഭിച്ചത്. കലക്ടറുടെ നിർദേശപ്രകാരം റവന്യൂ അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാണ് ഭൂമി വിട്ടുനൽകിയത്.
ശുചിമുറി സമുച്ചയം നിർമിക്കാൻ ശുചിത്വമിഷൻ സഹായത്തോടെ 30 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. നിർമാണ കരാർ നൽകിയപ്പോഴൊന്നും രംഗത്തുവരാതിരുന്ന അധികൃതരാണ് അടിത്തറ പണിത് തൂണുകളുടെ പണി പാതിപൂർത്തിയായപ്പോൾ തടസ്സവാദവുമായി എത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിർദേശം അനുസരിച്ചാണ് കരാറുകാരൻ പണി നിർത്തിവെച്ചത്. ഇതിനകം 10 ലക്ഷത്തോളം രൂപയാണ് ഇതിനായി കരാറുകാരൻ വിനിയോഗിച്ചത്.
2019ൽ സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് ശുചിമുറി നിർമാണം ആരംഭിച്ചപ്പോഴും ഡാം സുരക്ഷാ അതോറിറ്റി തടഞ്ഞിരുന്നു. രണ്ടാം തവണയും നിർമാണം തടഞ്ഞ പശ്ചാത്തലത്തിൽ കലക്ടറെ നേരിൽക്കണ്ട് പ്രശ്നം ചർച്ച ചെയ്യാനാണ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.