നഗരസഭവക സ്ഥലത്തെ ട്രാൻസ്ഫോർമർ വൈദ്യുതി വകുപ്പ് നീക്കിയില്ല
text_fieldsകട്ടപ്പന: നഗരസഭ വക സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിച്ച ട്രാൻസ്ഫോർമർ വൈദ്യുതി വകുപ്പ് നീക്കംചെയ്തില്ല. നഗരസഭയുടെ എതിർപ്പ് മറികടന്ന് വൈദ്യുതി വകുപ്പ് ട്രാൻസ്ഫോർമർ ചാർജ് ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നവും രൂക്ഷമാകുകയാണ്.
പുതിയ ബസ് സ്റ്റാൻഡിന് സമീപം സഹകരണ ആശുപത്രിക്കുമുന്നിലുള്ള നഗരസഭ വക സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. അനുവാദമില്ലാതെ സ്ഥാപിച്ചവ ചാർജ് ചെയ്യരുതെന്ന് നഗരസഭ ആവശ്യപ്പെ ട്ടെങ്കിലും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ ചാർജ് ചെയ്തു.
തുടർന്ന് കൗൺസിലിൽ ഉൾപ്പെടെ സംഭവം വൻ പ്രതിഷേധത്തിന് കാരണമാകുകയും പൊളിച്ചുനീക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയുമായിരുന്നു.കെ.എസ്.ഇ.ബി ഇത് പൊളിച്ചുനീക്കാൻ തയാറാകാതെ വന്നതോടെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. പരിഹാരത്തിന് ജില്ല ഭരണകൂടത്തിന്റെ സഹായം തേടുമെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്.
ജനുവരിയിൽ കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പദ്ധതി നടത്തിപ്പ് അതോറിറ്റിക്കായതിനാൽ കുടിശ്ശിക അടയക്കേണ്ടത് ജല അതോറിറ്റിയാണെന്ന് നഗരസഭ വാദിച്ചപ്പോൾ കണക്ഷൻ നഗരസഭയുടെ പേരിലാണെന്ന് കെ.എസ്.ഇ.ബിയും ജല അതോറിറ്റിയും വാദിച്ചു.
തുടർന്ന് കുടിശ്ശികയുണ്ടായിരുന്ന തുക നഗരസഭ അടച്ചുതീർത്ത് കണക്ഷൻ ജല അതോറിറ്റിയുടെ പേരിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുപിന്നാലെയാണ് നഗരസഭ വക സ്ഥലം കൈയേറി ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. തുടർന്ന് കെ.എസ്.ഇ.ബിക്കും ഈ സ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന സഹകരണ ആശുപത്രിക്കുമെതിരെ നിയമനടപടിയുമായി കോടതിയെ സമീപിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
സഹകരണ ആശുപത്രിക്ക് മുന്നിൽ റോഡരികിലുള്ള ട്രാൻസ്ഫോർമറിനു സമീപത്തായാണ് പുതുതായി മറ്റൊന്ന് സ്ഥാപിച്ചത്. നഗരസഭ വക സ്ഥലത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കാൻ നീക്കംനടക്കുന്നെന്ന വിവരമറിഞ്ഞ് കെ.എസ്.ഇ.ബി എ.ഇക്ക് ജൂലൈയിൽ നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി കത്ത് നൽകിയിരുന്നു. അനധികൃത നിർമാണം നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എന്നാൽ, ഇത് അവഗണിച്ചാണ് ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ചത്. കോടതിയെ സമീപിക്കുന്നതിനൊപ്പം അടുത്ത സാമ്പത്തിക വർഷം പാട്ടക്കരാർ പുതുക്കി നൽകാതിരിക്കാനും ഈ സ്ഥലത്ത് ചിൽഡ്രൻസ് പാർക്ക് നിർമിക്കാനും നഗരസഭക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.