കാലവർഷം ദുർബലം വിളകൾ ഉണങ്ങുന്നു
text_fieldsകട്ടപ്പന: കാലവർഷം ദുർബലമായതോടെ ജില്ലയിലെ കാർഷിക മേഖലയിലെ കൃഷിവിളകൾ ഉണങ്ങിത്തുടങ്ങി. പതിവിൽനിന്ന് വിപരീതമായി ഈ വർഷം ജില്ലയിൽ മഴ തീരെ കുറവായിരുന്നു. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ഏലം, കുരുമുളക്, ഗ്രാമ്പു, ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ ചൂട് കൂടിയതോടെ വാടിത്തുടങ്ങി. ഹൈറേഞ്ച് മേഖലയില്‍നിന്ന് മഴ വിട്ടുനിന്നതോടെ താപനില ഓരോ ദിവസവും ഉയരുകയാണ്. കുട്ടിക്കാനം, കട്ടപ്പന പ്രദേശത്തുള്‍പ്പെടെ താപനില 28 മുതൽ 33 ഡിഗ്രിവരെ ഉയർന്നു.
രാത്രി തണുപ്പും പകൽ ചൂടും കാർഷികവിളകളെ വല്ലാതെ ബാധിച്ചുതുടങ്ങി. മഴ വിട്ടു നിന്നതോടെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. കട്ടപ്പനയുടെ മൂന്ന് വശത്തുമായി സ്ഥിതി ചെയ്യുന്ന പുലിയാന്മല, കുരിശുമല, കുന്തളംപാറ മല, കല്യാണത്തണ്ട് മല എന്നിവിടങ്ങളിലെ പുൽമേട് ജലം കിട്ടാതെ വാടി. ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലും മഴക്കുറവിനെത്തുടർന്ന് വിളവ് ഇല്ലാതായ സ്ഥിതിയിലാണ്. ഇത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാക്കും.
ഉൽപാദനത്തിൽ ഇടിവ്
സാധാരണ വർഷത്തിൽ അഞ്ചുമുതൽ എട്ടു പ്രാവശ്യം വരെ ഏലത്തിെൻറ വിളവെടുപ്പ് നടത്തുന്നതാണ്. എന്നാൽ, ഈ വർഷം മഴ ഇല്ലാതായതോടെ ഏലത്തിന് വിളവ് കുറഞ്ഞു. മൂന്നുമുതൽ അഞ്ചു പ്രാവശ്യം വരെയേ വിളവെടുക്കാൻ സാധിക്കൂ. പുതിയ കായ് പിടിക്കാത്തതാണ് പ്രശ്നം.
ഇത് വരും വർഷം ഉൽപാദനം 50 ശതമാനത്തിലും കുറയാൻ ഇടയാക്കും. ആറുമാസം മഴ വിട്ടുനിന്നാൽ ഏലം കൃഷിതന്നെ ഇല്ലാതാകും. കുരുമുളക് ചെടിയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. മഴക്കുറവിനെത്തുടർന്ന് ചെടികളിൽ കായ്പിടിത്തം തീരെ കുറവാണ്. സാധാരണ മഴക്കാലത്ത് തുടർച്ചയായി ഉണ്ടാകുന്ന ചാറ്റൽമഴയിൽ കുരുമുളകുചെടിയുടെ ചരടിൽ പരാഗണം നടന്ന് നല്ല രീതിയിൽ കുരുമുളക് മണികൾ പിടിക്കേണ്ടതാണ്. എന്നാൽ, മഴ ഇല്ലാതായതോടെ ചെടികളിൽ അവിടെയും ഇവിടെയും മാത്രമാണ് ചരട് ഉണ്ടായി മണികൾ പിടിച്ചത്. ഇത് ഈ വർഷത്തെ കുരുമുളക് ഉൽപാദനത്തെ കാര്യമായി ബാധിക്കും. ഹൈറേഞ്ചിലെ മറ്റ് കാർഷിക വിളകളായ കാപ്പി, ഗ്രാമ്പു, ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളും വിളവ് കുറയുന്ന സ്ഥിതിയാണ്.
സാധാരണ ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ നല്ല മഴ ലഭിച്ചിരുന്നതാണ്. എന്നാൽ ഈ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ല.
നദികളിൽ ജലനിരപ്പ് താഴുന്നു
ഹൈറേഞ്ചിലെ കാർഷികമേഖയിലൂടെ കടന്നുപോകുന്ന പെരിയാറിലും അതിെൻറ പോഷകനദികളിലും ജലനിരപ്പ് താഴ്ന്ന് ഒഴുക്ക് നിലച്ച നിലയിലാണ്. പെരിയാറിെൻറ പോഷകനദികളായ കട്ടപ്പനയാർ, അമയാർ, ഇരട്ടയാർ, ചിന്നാർ, കല്ലാർ തുടങ്ങിയ നദികളെല്ലാം ജലനിരപ്പ് താഴ്ന്ന് നീരോട്ടം നിലച്ചുകൊണ്ടിരിക്കുകയാണ്. ഏല തോട്ടങ്ങളോടനുബന്ധിച്ച തടയണകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു. ഇതുമൂലം കാർഷിക വിളകൾക്ക് ജലസേചനവും നടത്താനാവാത്ത സ്ഥിതി ഉണ്ടാകും. ഇടുക്കി ജലവൈദ്യുതി പദ്ധതി പ്രധാനമായും പെരിയാറിലെ ജലത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മഴ ഇല്ലാതായതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ഉൽപാദനം കുറയുകയോ ലോഡ് ഷെഡിങ് പ്രഖ്യാപിക്കുകയോ ചെയ്താലും അത് കൃഷിയെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.