മോട്ടോറും പമ്പുസെറ്റും കുഴൽക്കിണറിൽ പതിച്ചു; 300 കുടുംബത്തിന് കുടിവെള്ളം മുടങ്ങി
text_fieldsകട്ടപ്പന: കട്ടപ്പന ശുദ്ധജല വിതരണ പദ്ധതിയുടെ മോട്ടോറും പമ്പുസെറ്റും ഉയർത്തുന്നതിനിടെ കുഴൽക്കിണറിലേക്ക് പതിച്ചു. ഇതോടെ പത്ത് ദിവസമായി 300ഓളം കുടുംബത്തിന്റെ കുടിവെള്ളം മുടങ്ങി. കട്ടപ്പന നഗരത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതിയുടെ തകരാർ പരിഹരിക്കാൻ മോട്ടോറും പമ്പുസെറ്റും ഉയർത്തുന്നതിനിടെയായിരുന്നു സംഭവം. പത്തു ദിവസമായി ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
കട്ടപ്പന സ്കൂൾ കവലയിലെ ശുദ്ധജല വിതരണ പദ്ധതി നിർത്തിയശേഷം അതിന്റെ പരിധിയിലുള്ളവർക്കും ശുദ്ധജലം നൽകിയിരുന്നത് ഇവിടെനിന്നാണ്. കട്ടപ്പന പ്രിൻകോസ് ജങ്ഷനിലുള്ള ജല അതോറിറ്റിയുടെ ഈ പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം കഴിഞ്ഞ 11 മുതലാണ് മുടങ്ങിയത്. ഇതോടെ ഈ പദ്ധതിയെ ആശ്രയിക്കുന്ന ടൗൺ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്.
കാലപ്പഴക്കം ചെന്ന മോട്ടോറും പമ്പുസെറ്റുമാണ് ഈ കുഴൽക്കിണറിലുള്ളത്. കഴിഞ്ഞയാഴ്ച മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ വെള്ളം കയറാതെ വന്നതിനെ തുടർന്നാണ് തകരാർ പരിഹരിക്കാൻ ഇത് ഉയർത്താൻ തീരുമാനിച്ചത്. കുഴൽക്കിണറിൽ വെള്ളം കുറവായതാണോ ജലം പമ്പ് ചെയ്യാനാകാതെ വന്നതിനു കാരണമെന്നും സംശയിച്ചിരുന്നു. മോട്ടോറും പമ്പുസെറ്റും ഉയർത്തുന്ന ജോലി പൂർത്തിയാകുന്നതിനു മുമ്പ് രണ്ടും കിണറ്റിലേക്കുതന്നെ പതിക്കുകയായിരുന്നു.
ഇത് പുറത്തെടുത്തെങ്കിൽ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ. ഇവ എത്ര താഴ്ചയിലാണ് കിടക്കുന്നതെന്നും ഉയർത്താൻ പറ്റുമോയെന്നും ഇനിയും വ്യക്തമല്ല. കുഴൽക്കിണറിൽ കാമറയിറക്കി പരിശോധന നടത്തുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
പുറത്തെടുക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു മോട്ടോർ ഇറക്കാൻ സാധിക്കുമോയെന്ന കാര്യവും പരിശോധിച്ചശേഷം തുടർനടപടി കൈക്കൊള്ളാനാണ് തീരുമാനം.
മുമ്പ് ഈ കുഴൽക്കിണറിൽ ചളി നിറഞ്ഞപ്പോൾ പൈപ്പ് ഉയർത്തി ചളിനീക്കുകയും ആഴം 350 അടിയാക്കുകയും ചെയ്തിരുന്നു. ഈ മോട്ടോറും പമ്പുസെറ്റും പലപ്പോഴും തകരാറിലാകുന്നതിനാൽ ജലവിതരണം മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. കാലവർഷം ദുർബലമായതോടെ കട്ടപ്പന ടൗൺ മേഖലയിൽ ശുദ്ധജലത്തിനു ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
അതിനിടെയാണ് ടൗൺ നിവാസികളുടെ കുടിവെള്ള വിതരണവും മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.