പെരിയാർ തീരം കൈയേറി നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകാൻ നീക്കം
text_fieldsകട്ടപ്പന: ചപ്പാത്തിൽ പെരിയാർ തീരം കൈയേറി നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകാൻ പഞ്ചായത്തിന്റെ നീക്കം. റവന്യൂ വകുപ്പിനെയും പഞ്ചായത്തിനെയും നോക്കുകുത്തിയാക്കി അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തില്‍ പെരിയാര്‍ നദി കൈയേറി നിർമിച്ച രണ്ട് കെട്ടിടങ്ങളുടെയും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ കെട്ടിടങ്ങൾക്ക് നമ്പർ നൽകാനാണ് പഞ്ചായത്ത് നീക്കം നടക്കുന്നത്. ഇതിനായി പഞ്ചായത്ത് അധികൃതരുമായി കെട്ടിട ഉടമ ധാരണണക്ക് ശ്രമം തുടങ്ങിയതായാണ് സൂചന.
വന്‍കിടക്കാര്‍ നടത്തുന്ന വാണിജ്യ നിര്‍മാണങ്ങള്‍ക്കെതിരെ കണ്ണടക്കുന്ന റവന്യൂ വകുപ്പ് പ്രദേശത്തെ സാധാരണക്കാരൻ താമസിക്കാൻ നിര്‍മിക്കുന്ന വീട് പൊളിച്ചുനീക്കാനും ശ്രമിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിൽനിന്ന് സ്പില്‍വേ ഷട്ടറിലൂടെ ഒഴുക്കിവിടുന്ന വെള്ളം കടന്നുപോകുന്ന ഭാഗത്താണ് നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ നിര്‍മാണം നടന്നിരിക്കുന്നത്. മുന്‍ ജില്ല കലക്ടര്‍ വിഷയത്തില്‍ ഇടപെടുകയും നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. എന്നാല്‍, കലക്ടര്‍ മാറിയതോടെ കൈയേറ്റക്കാര്‍ നിര്‍മാണം പൂർത്തിയാക്കുകയായിരുന്നു. ബി.ജെ.പി അടക്കം പരാതിയുമായി രംഗത്തെത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പോ പഞ്ചായത്തോ തയാറായിട്ടില്ല.
സി.പി.എം ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട പ്രദേശത്താണ് കൈയേറ്റം നടന്നത്. നിര്‍മാണം തടയാൻ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവിലാണ് ചപ്പാത്തില്‍ സ്വകാര്യ വ്യക്തികള്‍ വാണിജ്യ കെട്ടടങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെയടക്കം പിന്‍ബലത്തിലായിരുന്നു നിര്‍മാണം. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി പഞ്ചായത്തും റവന്യൂ വകുപ്പും കണ്ണടച്ചതോടെയാണ് കൈയേറ്റക്കാര്‍ ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത്. ഇതില്‍ ഒരു കെട്ടിടത്തില്‍ ഇപ്പോള്‍ വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊന്നിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാൻ മലയോര ഹൈവേ നിര്‍മാണം അടക്കം ഇവിടെ വൈകിപ്പിക്കുന്നതും വിവാദങ്ങള്‍ക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.