ആദ്യം നീരുറവ, പിന്നെ കുഴിച്ച് വെള്ളം: സ്വകാര്യ വ്യക്തി ഒടുവിൽ ടാങ്കും നിർമിച്ചു; വഴി മുട്ടിയത് നാട്ടുകാർക്ക്
text_fieldsകട്ടപ്പന: റോഡ് വീതി കൂട്ടുന്നതിനിടെ ഒരു നീരുറവ കണ്ടു. സമീപ വാസി അവിടെ കുഴി കുത്തി വെള്ളമെടുത്തു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ വാട്ടർ ടാങ്കും പണിതു. റോഡ് കൈയേറി പണിത ടാങ്ക് കോൺക്രീറ്റ് ചെയ്തു. അതിന് മുകളിൽ മണ്ണും ഇട്ടു. ഇതോടെ നാട്ടുകാർക്ക് വാഹന ഗതാഗതം മുടങ്ങി. കട്ടപ്പന ചൂരനോലി നിവാസികളാണ് പ്രയാസം അനുഭവിക്കുന്നത്. ടാങ്ക് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നൽകിയ നോട്ടിസ് സ്വകാര്യവ്യക്തി മുഖവിലക്കെടുത്തിട്ടുമില്ല.
കാൽവരി മൗണ്ട്, ചൂരനോലി റോഡ് വീതി കൂട്ടുന്നതിനിടെ നീരുറവ കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒമ്പതാം മൈൽ ചൂരനോലി കിരികിലിപാറ ബാബു ഈ റോഡിന് സമീപത്താണ് താമസം. നീരുറവ കണ്ടെത്തിയ ഭാഗത്തു കുഴിയുണ്ടാക്കി ബാബു വീട്ടാവശ്യത്തിന് വെള്ളം എടുക്കാൻ തുടങ്ങി.
പിന്നീട് ഇവിടെ കുടിവെള്ള ടാങ്ക് പണിതു കോൺക്രീറ്റു ചെയ്തു സ്ലാബിട്ടു മുടി. റോഡിന് നടുവിൽ വാട്ടർ ടാങ്ക് വന്നതോടെ നാട്ടുകാരുടെ വാഹന യാത്ര മുടങ്ങി. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ടാങ്ക് കുഴി കോൺക്രീറ്റ് ചെയ്തശേഷം അടപ്പുണ്ടാക്കി പൂട്ടിയിട്ടു. പ്രദേശ വാസികൾ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി.
കാമാക്ഷി പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. ഇതോടെ ബാബു ടാങ്ക് മണ്ണിട്ടു മൂടി. മണ്ണിനടിയിൽ ടാങ്കുണ്ടെന്ന് ബാബുവും സമ്മതിക്കുന്നുണ്ട്. റോഡിലൂടെ വാഹനങ്ങൾ കൊണ്ടു പോയാൽ ടാങ്ക് പൊട്ടാൻ സാധ്യതയുള്ളതിനാൽ കാൽനടയായാണ് നാട്ടുകാർ ഈഭാഗത്തുകൂടി പോകുന്നത്. സമീപവാസികൾ ഇത് സംബന്ധിച്ചു പഞ്ചായത്തിൽ പരാതി നൽകി.
തുടർന്ന് നിർമാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറി നോട്ടിസും നൽകി. എന്നാൽ പൊളിക്കാൻ സ്വകാര്യ വ്യക്തി തയാറായിട്ടില്ല. നിർമാണം പഞ്ചായത്ത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു ഓംബുഡ്സ്മാനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ നിർമാണം പൊളിച്ചില്ലെങ്കിൽ പഞ്ചായത്തു സ്വന്തം നിലക്ക് പൊളിച്ചു മാറ്റുമെന്നും. ഇതിന്റെ നഷ്ട്ം സ്വകാര്യ വ്യക്തിയിൽ നിന്ന് ഇടാക്കുമെന്നും പഞ്ചായത്ത് നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.