മീൻപിടിത്തക്കാരുടെ വലയിൽ തലയോട്ടി കുടുങ്ങി
text_fieldsകട്ടപ്പന: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാനെത്തിയവരുടെ വലയിൽ തലയോട്ടി കുടുങ്ങി. ചൊവ്വാഴ്ച രാവിലെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം മീൻ പിടിക്കാനെത്തിയവരുടെ വലയിലാണ് തലയോട്ടി കുടുങ്ങിയത്. തുടർന്ന് കട്ടപ്പന പൊലീസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടി മനുഷ്യന്റേതാണെന്ന് സ്ഥിരീകരിച്ചത്. വർഷങ്ങളുടെ പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്കായി ഇത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പരിശോധനഫലം വന്ന ശേഷമാകും തുടർനടപടികൾ.
കഴിഞ്ഞ പ്രളയകാലത്ത് പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ തീരങ്ങളിലുള്ള സെമിത്തേരികളിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ഒഴുകിപ്പോയിരുന്നു. തലയോട്ടി ഇത്തരത്തിൽ ഒഴുകി എത്തിയതാണോ എന്നും പൊലീസ് പരിശോധിക്കും.
മത്സ്യത്തൊഴിലാളികലുടെ വലയിൽ തലയോട്ടി കുടുങ്ങിയ വാർത്ത പരന്നതോടെ പ്രദേശവാസികളായ നിരവധിയാളുകൾ സ്ഥലത്ത് എത്തിയിരുന്നു. മുമ്പ് ആരെയെങ്കിലും ഡാമിൽ കാണാതായതായി പരാതി ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.