വാഴവരയിൽ പുലിയിറങ്ങി
text_fieldsകട്ടപ്പന: വാഴവര പള്ളി നിരപ്പേൽ പുലിയിറങ്ങി പശുക്കിടാവിനെ ആക്രമിച്ചു. വാഴവര കണ്ടത്തിൽ ജോൺ ദേവസ്യയുടെ പശുക്കിടാവിനെയാണ് പുലി കടിച്ച് അവശനിലയിലാക്കിയത്. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് പശുക്കിടാവിന് നേരെ ആക്രമണമുണ്ടായതെന്ന് കരുതുന്നു. തൊഴുത്തിൽ നിന്ന് കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ കണ്ടത് കഴുത്തിൽ മുറിവേറ്റ് രക്തമൊലിക്കുന്ന കിടാവിനെയാണ്. അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ എസ്. കണ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പുലിയെ പിടികൂടുന്നതിന് ആദ്യ പടിയായി പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തേക്കടിയിൽനിന്ന് ഫോറസ്റ്റ് വെറ്ററിനറി അസി. സർജൻ ഡോ. അനുരാജ് സ്ഥലത്തെത്തി പശുക്കിടാവിന്റെ മുറിവ്, പ്രദേശത്തെ മൃഗത്തിന്റെ കാൽ അടയാളം എന്നിവ പരിശോധിച്ചു. തുടർന്നാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
ഇരയെതേടി പുലി വീണ്ടുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് പശുക്കിടാവിനെ തൊഴുത്തിൽനിന്ന് മാറ്റരുതെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. കട്ടപ്പനയിൽ നിന്നെത്തിയ മൃഗഡോക്ടർ ഡോ. നിമ്മിയുടെ നേതൃത്വത്തിൽ പശുക്കിടാവിന് പ്രാഥമിക ചികിത്സ നല്കി.
എന്നാൽ, വനപാലകർ പിടികൂടുന്ന വന്യമൃഗങ്ങളെ ജനവാസ മേഖലയോടു ചേർന്നുള്ള വനാതിർത്തികളിൽ തുറന്നു വിടുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി ചെറിയാൻ, വാർഡ് മെമ്പർ ജെസി ബെന്നി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.