മരണത്തെ മുന്നിൽക്കണ്ട ജിജോ ജീവിതത്തിലേക്ക്
text_fieldsകട്ടപ്പന: ബേക്കറിയിലെ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ കൈ കുരുങ്ങി മരണത്തെ മുന്നിൽക്കണ്ട ജിജോ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്. വലതുകൈ യന്ത്രത്തിൽ കുടുങ്ങിയ പേഴുംകവലയിലെ ബേക്കറി ജീവനക്കാരനായ ജിജോയെ (35) അഗ്നിരക്ഷ സേന എത്തിയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം.
യന്ത്രത്തിൽ കൈ കുരുങ്ങിയതോടെ വേദനകൊണ്ട് പുളഞ്ഞ ജിജോ ഉറക്കെ കരഞ്ഞു. ശബ്ദംകേട്ട് എത്തിയ സഹതൊഴിലാളികൾ യന്ത്രം ഓഫ് ചെയ്തു കൈപുറത്തേക്കെടുക്കാൻ ശ്രമിച്ചു. എന്നാൽ, സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷസേന മുക്കാൽ മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ജിജോയെ രക്ഷപ്പെടുത്തിയത്. ഈസമയം മുഴുവൻ കൈകുരുങ്ങി ജീവനും മരണത്തിനും ഇടയിൽ കഴിഞ്ഞ ജിജോ തീർത്തും അവശനായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ജിജോയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിരക്ഷസേന സീനിയർ ഓഫിസർ മധുസൂദനൻ, ഓഫിസർമാരായ വിനീഷ്കുമാർ, പി.ബി. അഖിൽ, എസ്. ശരത്ത്, നിതിൻ ജോസഫ്, ഹോം ഗാർഡ് ജോസഫ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.