ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം;ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
text_fieldsകട്ടപ്പന: കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ (ഡി.എഫ്.ഒ) ബി.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യം ജില്ലാ കോടതി തള്ളിയതിനെത്തുടർന്നാണ് ഡി.എഫ്.ഒ ഹൈകോടതിയെ സമീപിച്ചത്. കേസിലെ 13 പ്രതികളിൽ പതിനൊന്നാം പ്രതിയാണ് രാഹുൽ. കണ്ണംപടി, മുല്ല ആദിവാസി ഊരിലെ പുത്തൻപുരയ്ക്കൽ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതി നടപടി.
സരുൺ സജിക്കുവേണ്ടി കോടതിയിൽ അഡ്വ. കെ.എസ്. അരുൺകുമാർ ജാമ്യാപേക്ഷയെ എതിർത്തു. 2022 സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം. കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. മർദിക്കുകയും ചെയ്തു. റിമാൻഡിൽ കഴിഞ്ഞ സരുണിനെ കസ്റ്റഡിയിൽ വാങ്ങി കേസ് അന്വേഷണം പൂർത്തിയാക്കിയത് ഡി. എഫ്.ഒ ആയിരുന്നു. ജാമ്യത്തിലിറങ്ങിയ സരുൺ സജി നൽകിയ പരാതിയിൽ മനുഷ്യാവകാശ - ഗോത്ര വർഗ കമീഷനുകളുടെ നിർദേശപ്രകാരം ഉപ്പുതറ പൊലീസ് പട്ടികജാതി - പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം 13 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. അതിനിടെ, ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ ഉന്നതതല അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്തത് പശു ഇറച്ചിയാണെന്നും തെളിഞ്ഞിരുന്നു.
തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ (ഡി.എഫ്.ഒ), സെക്ഷൻ ഫോറസ്റ്റർ ഉൾെപ്പടെ ഒമ്പതുപേരെ സസ്പെൻഡ് ചെയ്തു. പിന്നീട് സർവിസിൽ തിരിച്ചെടുത്തു. പ്രധാന പ്രതികളായവർ അറസ്റ്റിലായശേഷമാണ് ഇവരെ വീണ്ടും സസ്പെൻഡ് ചെയ്തത്. പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.