പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്ത: ഉറപ്പ് പാഴ്വാക്കായി
text_fieldsകട്ടപ്പന: പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ ഉത്സവബത്ത നൽകുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. മന്ത്രിമാരുടെ ഉറപ്പിൽ പണം കടം വാങ്ങി ഓണമാഘോഷിച്ച തൊഴിലാളികൾ കടക്കെണിയിലായി.
പീരുമേട് മേഖലയിലെ പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണം കഴിഞ്ഞാലുടൻ 2000 രൂപ ഉത്സവബത്ത നൽകുമെന്ന ഉറപ്പ് ഓണം കഴിഞ്ഞു പത്ത് ദിവസമായിട്ടും മന്ത്രിമാർ പാലിച്ചില്ല. തോട്ടം പൂട്ടിയ ശേഷം എല്ലാവർഷവും ഓണക്കിറ്റും 2000 രൂപ ഉത്സവബത്തയും നൽകിയിരുന്നു.
ഈ വർഷവും തൊഴിലാളികൾ ഉത്സവബത്ത പ്രതീക്ഷിച്ചിരുന്നു. മുൻ കാലങ്ങളിലേതുപോലെ തൊഴിൽ വകുപ്പ് ഇതിന് അനുസൃതമായി രേഖകളും ശേഖരിച്ചു. എന്നാൽ, ഓണക്കിറ്റ് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്. മൂന്നു വർഷത്തിലധികം അടഞ്ഞു കിടക്കുകയും ഉത്സവബത്ത വാങ്ങുകയും ചെയ്തിട്ടുള്ള തൊഴിലാളികളെ ഒഴിവാക്കുകയും ചെയ്തു.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിൽറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ (എച്ച്.ഇ.ഇ.എ - സി.ഐ.ടി.യു) 27ന് പീരുമേട് പ്ലാന്റേഷൻ ഓഫിസ് ഉപരോധിച്ചു.
ഓണം കഴിഞ്ഞാലുടൻ ഉത്സവബത്ത നൽകാമെന്ന് തൊഴിൽ, ധന മന്ത്രിമാർ നേതാക്കൾക്ക് ഉറപ്പുനൽകിയതോടെയാണ് ഉപരോധം പിൻവലിച്ചത്.
എന്നാൽ, നാളിതു വരെ നടപടി ഉണ്ടായില്ല. ട്രേഡ് യൂനിയനുകൾ വീതിച്ചുനൽകിയ പ്ലോട്ടുകളിൽനിന്നും കൊളുന്ത് നുള്ളിയാണ് തൊഴിലാളികൾ കഴിയുന്നത്. കാലാവസ്ഥ വ്യതിയാനംമൂലം മുൻകാലങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് കൊളുന്തുപോലും ഇപ്പോൾ കിട്ടുന്നില്ല.
പട്ടിണിയകറ്റാൻ പലരും പുറത്ത് കൂലിപ്പണിക്കും പോകുന്നുണ്ട്. ചൊവ്വാഴ്ച തൊഴിൽ, ധന മന്ത്രിമാരെ നേരിൽ കണ്ട് ഉത്സവബത്ത ഉറപ്പാക്കുമെന്ന് എച്ച്.ഇ.ഇ.എ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.