വണ്ടന്മേട് മാലിന്യനീക്കവും സംസ്കരണവും പാളുന്നു
text_fieldsകട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കവും സംസ്കരണവും പാളുന്നു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പാതയോരങ്ങളിൽ മാസങ്ങൾക്ക് മുമ്പ് ചാക്കിൽ കെട്ടി കൂട്ടിയിട്ട മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല.
വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന 18 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരളക്ക് വേർതിരിച്ച് കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്ലാസ്റ്റിക് കൈമാറ്റം തടസപ്പെട്ടു.
ഇതോടെ വണ്ടൻമേട് പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങൾ പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ച് കത്തിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടുകയും ചെയ്യുന്നതായി ആരോപണമുയർന്നിരുന്നു.
ക്ലീൻ കേരളക്ക് കൃത്യമായി കൈമാറി വന്നിരുന്ന മാലിന്യം പിന്നീട് നൽകാതെ വരികയായിരുന്നു. പിന്നീട് ഇവ വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നിരവധി വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന റോഡരികിൽ കൂട്ടി ഇട്ടിരിക്കുകയാണ്. ഇപ്പോൾ മാലിന്യങ്ങൾ കുമിഞ്ഞു കുടിയത് പ്രദേശത്ത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.
സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ യാത്ര മാലിന്യത്തിനടുത്തുകുടിയാകും, ഇതിനോടൊപ്പം കുപ്പിച്ചില്ലുകൾ റോഡ്സൈഡിൽ ചിതറിക്കിടക്കുന്നതും കുട്ടികൾക്ക് ഭിഷണിയാകും. കെട്ടി കിടക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക്കിനുമുള്ളിൽ കൊതുകുകൾ പെരുകുന്നത്, പകർച്ച പനി, ഡെങ്കിപ്പനി, അടക്കമുള്ള രോഗങ്ങൾ പടരാനും ഇടയാക്കും.
ഡെങ്കിപ്പനി ഉൾപ്പെടെ വിവിധതരം പകർച്ചവ്യാധികൾ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവത്തിൽ പ്രതിഷേധം ശക്തമാണ്.
എന്നാൽ ക്ലീൻ കേരള മിഷൻ വാഹനം അയക്കാത്തതാണ് മാലിന്യനീക്കം തടസ്സപ്പെടാൻ കാരണമെന്നും അടുത്ത ദിവസം തന്നെ അടിയന്തരയോഗം ചേർന്ന് മാലിന്യങ്ങൾ പാതയോരങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.