വെള്ളിലാംകണ്ടം കുഴൽപാലം; നവീകരണത്തിൽ മാറ്റം
text_fieldsകട്ടപ്പന: അയ്യപ്പൻകോവിൽ ടൂറിസത്തിന് മങ്ങലേൽപിച്ച് കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റംവരുത്തി. മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പെടെ നിർമിച്ച് നവീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ മൺപാലത്തിന്റെ ടൂറിസം സാധ്യതതന്നെ ഇല്ലാതാകും.
ഇതിനെതിരെ കാഞ്ചിയാർ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർ-അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടത്തെ ഈ കുഴൽപാലം. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നവീകരണം നടത്താൻ തീരുമാനിച്ചപ്പോൾ മേഖലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങൾ ഉൾപ്പെടെയാണ് വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്.
മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികിൽ കുഴികൾ രൂപപ്പെടുകയും ചെയ്തപ്പോൾ ടാറിങ് ഉൾപ്പെടെ 18.5 മീറ്ററായി വീതി കൂട്ടാനാണ് തീരുമാനിച്ചത്. റോഡിനൊപ്പം കൽക്കെട്ട് ഉയർത്തി ബലപ്പെടുത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ, കിഫ്ബി അനുമതി നൽകാത്തതിനാൽ ഇടുക്കി പദ്ധതി ക്യാച്ച്മെന്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് ഇപ്പോൾ കൽക്കെട്ട് നിർമിക്കുന്നത്. ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്താനാണ് നീക്കം. 18.5 മീറ്റർ വീതി എന്നത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. ഇതോടെ മഴക്കാലത്തു ശക്തമായ മഴയിൽ മണ്ണൊലിപ്പ് ഉണ്ടാകുകയും റോഡുതന്നെ അപകടത്തിലാക്കുകയും ചെയ്യുമോയെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് സർക്കാറിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്. അതേസമയം, പദ്ധതിയിൽ മാറ്റംവരുത്തിയ വിവരം ഇരുപഞ്ചായത്തിനെയും അധികൃതർ അറിയിച്ചിട്ടില്ല. ടൂറിസം സാധ്യതകൾ ഇല്ലാതാകുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത് പ്രസിഡന്റുമാരും പറഞ്ഞു. കിഫ്ബിയുടെ അനുമതിയിൽ തട്ടി ഇല്ലാതാകുക ഒരു പ്രദേശത്തിന്റെ മൊത്തം വികസന സ്വപ്നങ്ങളാണ്. രണ്ട് പഞ്ചായത്തുകൾക്ക് ഭാവിയിൽ ലഭിക്കാവുന്ന വൻ തുകയുടെ നികുതി വരുമാനവും ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.