കാട്ടാന ശല്യം: മുളപീരങ്കിയുമായി വിദ്യാർഥികൾ
text_fieldsകട്ടപ്പന: കോവിൽമല മുരിക്കാട്ടുകുടി മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താൻ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇനി മുളപീരങ്കി ഉപയോഗിക്കും.
കാട്ടാന ശല്യം ഏറെയുള്ള പ്രദേശമാണ് കോവിൽമല, മുരിക്കാട്ടുകുടി, കാഞ്ചിയാർ പ്രദേശങ്ങൾ. പണ്ടുകാലങ്ങളിൽ കാട്ടാനകളെ തുരത്താൻ ഉപയോഗിച്ച മുളപീരങ്കി ഇപ്പോഴത്തെ തലമുറക്ക് അത്ര പരിചയമില്ല. പുതിയ തലമുറയിലെ വിദ്യാർഥികളെ ഇക്കാര്യത്തിൽ പരിശീലിപ്പിച്ച് കാട്ടാനകളെ തുരത്താൻ പര്യാപ്തമാക്കുകയാണ് കാഞ്ചിയാർ മറ്റപ്പള്ളി തകിടിയേൽ കുഞ്ഞുമോൻ.
നാലു മുട്ടുകളുള്ള മുളന്തണ്ടിൽ മൂന്ന് മുട്ടുകൾക്ക് ഇടയിലുള്ള ഭാഗത്തു ദ്വാരമിടും. മുളയുടെ ഒരുവശത്ത് അടഞ്ഞിരിക്കുന്ന മുട്ടിന്റെ ഭാഗത്തായി ചെറിയ ദ്വാരമിട്ടശേഷം ഇതിലൂടെ തുണി ഇറക്കിവെച്ച് മണ്ണെണ്ണയെഴിക്കും. ഇതിലേക്ക് പകരുന്ന തീ വേഗം കെടുത്തുന്നതോടെ മുളക്കുള്ളിൽ പുക നിറയും. ഈ പുക ഊതി മുളങ്കമ്പിന്റെ ഒരുഭാഗത്തേക്ക് മാറ്റും.
ഈസമയം കത്തിച്ചുവെച്ചിരിക്കുന്ന വിളക്കിൽനിന്ന് ചെറിയൊരു കമ്പിൽ തീപകർന്ന് തുണിവെച്ചിരിക്കുന്ന ദ്വാരത്തിലേക്ക് വെക്കുമ്പോൾ ഉള്ളിലെ പുകയുടെ മർദത്താൽ പുറത്തേക്ക് വലിയ ശബ്ദത്തോടെ തീതുപ്പുന്നതാണ് പീരങ്കിയുടെ പ്രവർത്തനം. സ്കൂളിലെ സോഷ്യൽ സർവിസ് സ്കീമാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവേൽ, അധ്യാപിക ലിൻസി ജോർജ്, പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി വിദ്യാർഥികളായ വി.ആർ. പാർവതി, ചിത്ര ബാലകൃഷ്ണൻ, സൗമ്യ സന്തോഷ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.