ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം; താല്‍ക്കാലികമായി തൊടുപുഴയിൽ
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം അടുത്ത അധ്യയനവര്‍ഷം തന്നെ തുറക്കുന്നതിനുള്ള ഊര്‍ജിത ശ്രമവുമായി ജില്ല ഭരണകൂടം. സ്കൂൾ പ്രവര്‍ത്തനം തുടങ്ങാൻ താല്‍ക്കാലിക കെട്ടിടം കണ്ടെത്താനായി ഡീന്‍ കുര്യാക്കോസ് എം.പിയും കലക്ടര്‍ എച്ച്. ദിനേശനും തൊടുപുഴയിൽ പരിശോധന നടത്തി.
തൊടുപുഴ എ.പി.ജെ. അബ്ദുൽ കലാം ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കെട്ടിടത്തില്‍ കേന്ദ്രീയ വിദ്യാലയത്തിെൻറ പ്രവര്‍ത്തനം തല്ക്കാലം തുടങ്ങാനാണ് അധികൃതർ ആലോചിക്കുന്നത്. ഇതിന് ഏറ്റെടുക്കേണ്ട ക്ലാസ്മുറികള്, ഓഫിസ് റൂം, ശുചിമുറി എന്നിവ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം എം.പിയും കലക്ടറും പരിശോധിച്ചു. നിലവിലെ കോമ്പൗണ്ടില്‍ തന്നെ കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തുന്ന ഭാഗം പ്രത്യേകം മതില് കെട്ടി തിരിക്കുന്നതിനും ഇവിടേക്ക് നഗരത്തിലെ പ്രധാന റോഡില്‍നിന്ന് എത്താനുള്ള പുതിയ വഴി തെളിക്കുന്നതിനും നിര്‍ദേശമുണ്ട്.
താല്‍ക്കാലികമായി സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.പി പറഞ്ഞു. എല്ലാവര്ക്കും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുന്നതിനാണ് ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ അധ്യയനവര്ഷങ്ങള്ക്കുള്ളില് തന്നെ കേന്ദ്രീയ വിദ്യാലയത്തിനായി സ്വന്തം കെട്ടിടം നിർമിക്കുമെന്ന് എം.പിയും കലക്ടറും അറിയിച്ചു. ഇതിനായി കരിങ്കുന്നം വില്ലേജിലെ മ്രാലയില്‍ കണ്ടെത്തിയ 12 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വേ നടപടി അവസാന ഘട്ടത്തിലാണ്. പണി പൂര്‍ത്തിയാകുന്ന മുറക്ക് താല്‍ക്കാലിക സ്കൂള്‍ ഇവിടേക്ക് മാറ്റും.
തൊടുപുഴയില്‍ നടത്തിയ പരിശോധനയില്‍ എ.ഡി.എം അനില്‍കുമാര്‍, തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.