റേഞ്ച് കിട്ടാൻ കുട്ടികൾ നടക്കുന്നത് കിലോമീറ്ററുകൾ; തീരാതെ ദുരിതം
text_fieldsതൊടുപുഴ: ഇപ്പോഴും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനും പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാനും റേഞ്ച് നോക്കി കാട്ടിലൂടെയും മലയിലൂടെയും കിലോമീറ്ററുകൾ താണ്ടുന്ന കുട്ടികളുണ്ട്, തോട്ടം-ആദിവാസി മേഖലകളിൽ.
ആയിരക്കണക്കിന് കുട്ടികളുടെ ഈ നിസ്സഹായത കണ്ടുതുടങ്ങിയിട്ട് നാളുകളായെങ്കിലും പരിഹാരം ഇപ്പോഴും അകലെയാണ്. ടവർ സ്ഥാപിക്കുമെന്നും മൊബൈൽ സേവന ദാതാക്കളുമായി സംസാരിക്കുന്നുണ്ടെന്നുമൊക്കെ അധികൃതർ പറയുന്നതല്ലാതെ എന്ന് വരുമെന്ന ഉറപ്പൊന്നും ഇല്ല. ഈ വർഷവും ജൂൺ ഒന്നുമുതൽ പുതിയ അധ്യയനം ഓൺലൈനിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഓൺലൈൻ ക്ലാസുകൾവഴി തന്നെയാകും അധ്യയനം. ഇത് ഇടുക്കി ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളെയാകും പ്രതിസന്ധിയിലാക്കുക.
എസ്റ്റേറ്റ് ഡിവിഷനുകളും പല ആദിവാസി കുടികളും 'പരിധിക്ക് പുറത്ത്'
ദേവികുളം താലൂക്കിലെ ആദിവാസി-തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന പല പ്രദേശങ്ങളും പരിധിക്ക് പുറത്താണ്. രാജമല, ഗൂഡാർവിള, തെൻമല, സോത്തുപാറ, ചിട്ടിവര എന്നിങ്ങനെ മുപ്പതോളം എസ്റ്റേറ്റ് ഡിവിഷനുകളിലും ഇടമലക്കുടി, മറയൂർ അടക്കമുള്ള കുടികളിലും കുട്ടികളുടെ പഠനം പരിധിക്ക് പുറത്താണ്.
ഇൻറര്‍നെറ്റ് സൗകര്യം പോയിട്ട് ഫോണില്‍ പരസ്പരം ബന്ധപ്പെടാനുള്ള നെറ്റ്വര്‍ക്ക് കവറേജ് പോലും പലയിടത്തും ഇല്ല. മൂന്നാറിനോട് ചേര്‍ന്ന പല തോട്ടംമേഖലയിലും പരിധിക്കുള്ളിലാവേണ്ട പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ ആശയവിനിമയ സംവിധാനം ഒരുക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
ബി.എസ്.എൻ.എല്‍ നെറ്റ്വര്ക്കിന് മാത്രം നേരിയ കവറേജുള്ള നിരവധി പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്. ഇവിടങ്ങളിലെല്ലാം കുട്ടികൾക്ക് ഓഫ്ലൈൻ ക്ലാസുകളാണ് നൽകിവന്നിരുന്നത്.
ഒാഫ്ലൈൻ ക്ലാസുകളും പ്രയോജനം ചെയ്തില്ല
ക്ലാസുകൾ പെൻഡ്രൈവുകളിലാക്കി കുടികളിലും വിവിധ സെൻററുകളിലും എത്തിച്ചുനൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ അധ്യയന വർഷം ഇതിെൻറ പ്രയോജനവും തോട്ടം ആദിവാസി മേഖലയിൽ ലഭിച്ചിട്ടില്ല. പല കുട്ടികൾക്കും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻപോലും കഴിഞ്ഞില്ല. റോഡരികിലും പാറപ്പുറത്തും കയറി എങ്ങനെയെങ്കിലും ക്ലാസുകൾ കണ്ടാലും വർക്ക്ഷീറ്റുകൾ ഒന്നും കുട്ടികൾക്ക് ചെയ്യാൻ കഴിയില്ലെന്ന് അധ്യാപകർതന്നെ ചൂണ്ടിക്കാട്ടുന്നു.
നെറ്റ്വർക്ക് ഇല്ലാത്തതിനാൽ ഇത് മൂല്യനിർണയം നടത്താൻ അധ്യാപകർക്കും കഴിയാറില്ല. ഓരോ ദിവസവും ക്ലാസുകൾ കഴിയുേമ്പാൾ േഹാംവർക്ക് അതത് ക്ലാസ് ടീച്ചർവഴി നൽകണമെന്നാണ് സ്കൂളുകളിൽനിന്നുള്ള നിർദേശം. ഇതുമൂലം കുട്ടികൾ റേഞ്ച് തപ്പി നടക്കുന്നത് ഇവിടങ്ങളിൽ പതിവ് കാഴ്ചയാണ്. ഇത്തവണകൂടി അധ്യയനം ഓൺലൈനിലായാൽ കുട്ടികളുടെ ഭാവി അതാളത്തിലാകുമെന്നാണ് രക്ഷിതാക്കളടക്കം ചൂണ്ടിക്കാട്ടുന്നത്.
തോട്ടം മേഖലയിൽ ഭൂരിഭാഗവും പഠിക്കുന്നത് തൊഴിലാളികളുെട കുട്ടികളാണ്. ഇവിടങ്ങളിൽ ടവർ സ്ഥാപിക്കുകയോ അതല്ലെങ്കിൽ എസ്റ്റേറ്റിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി വൈഫൈ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്താൽ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. തോട്ടം ലയങ്ങൾ, ക്രഷുകൾ എന്നിവ കേന്ദ്രീകരിച്ച് വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നതും കുട്ടികൾക്ക് പ്രയോജനം ചെയ്യുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.