വേണം, പ്രകൃതിയെ അറിഞ്ഞുള്ള ടൂറിസം വികസനം
text_fieldsവനവും വന്യജീവികളുമാണ് ഇടുക്കി ടൂറിസത്തിന്‍റെ മുഖ്യ ആകർഷണമെങ്കിലും ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള ടൂറിസം നയം ജില്ലയിൽ ഇല്ല എന്ന് പറയാം. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പാരിസ്ഥിതികമായി ദുർബലമാണ്. മിക്ക കേന്ദ്രങ്ങളിലും ആൾത്തിരക്ക് കൂടുതലും. സഞ്ചാരികളെ അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ വ്യക്തമായ സംവിധാനത്തിന്‍റെ അഭാവം പ്രകടമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കുറിച്ച് കാര്യമായ പഠനവും നടന്നിട്ടില്ല. ഇത് പലയിടത്തും അനിയന്ത്രിത ആൾക്കൂട്ടത്തിന് കാരണമാകുന്നു.
ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകുന്ന ഉന്നത നിലവാരമുള്ള ടൂറിസം സംസ്കാരത്തിന്‍റെ അനിവാര്യതയാണ് നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. ടൂറിസം കേന്ദ്രങ്ങൾ മാലിന്യരഹിതമാക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കണം. പാടങ്ങൾ, തോട്ടങ്ങൾ, ആദിവാസി കോളനികൾ തുടങ്ങിയ ചെറുഘടകങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഇനിയും യാഥാർഥ്യമായിട്ടില്ല. ആദിവാസി യുവജനങ്ങളെ ഇത്തരം മേഖലകളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും. വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ടൂറിസം മേഖലകളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ഒഴിവാക്കാനും നടപടി വേണം. വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരതയും വിപുലീകരണവും ഡിജിറ്റൽ വിപണനവും മറ്റും ശക്തിപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ആവശ്യമായ ഗവേഷണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്. ജില്ലയിലെ ടൂറിസം, വനംവന്യജീവി മേഖലകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഇവയെ വിദ്യാഭ്യാസം, ബോധവത്കരണം, ഗവേഷണം തുടങ്ങിയ ഘടകങ്ങളടങ്ങുന്ന ബയോഗാലക്സിക്ക് കീഴിൽ കൊണ്ടുവരണമെന്നും അഭിപ്രായമുണ്ട്.
വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇടുക്കിയിൽ സമഗ്രമായ ജൈവ വൈവിധ്യ മാപ്പിങ് നടത്തണം. പരിസ്ഥിതി ദുർബല കേന്ദ്രങ്ങൾ സംരക്ഷിക്കാൻ ഓരോ കേന്ദ്രത്തിനും താങ്ങാവുന്ന സന്ദർശകരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യമുക്ത സംസ്കാരം പ്രോത്സാഹിപ്പിക്കുക, സഞ്ചാരികൾക്ക് വാങ്ങാനും കൊണ്ടുപോകാനും ഉതകുന്നവിധം പാലുൽപന്നങ്ങൾ നിർമിച്ച് ഇടുക്കി ബ്രാൻഡിൽ വിപണനം ചെയ്യാൻ ഡെയറി പാർക്ക് സ്ഥാപിക്കുക, ഇടുക്കിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹെർബൽ സുഗന്ധവ്യഞ്ജന പാർക്ക് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും ഈ മേഖലയിലുള്ളവർ മുന്നോട്ടുവെക്കുന്നു.
വൈവിധ്യങ്ങളുടെ ഇരവികുളം
ഇരവികുളം ദേശീയപാർക്ക് (മൂന്നാർ രാജമല) എന്നാൽ, പലർക്കും വരയാടുകളുടെ സംരക്ഷണകേന്ദ്രം മാത്രമാണ്. എന്നാൽ, വരയാടുകൾ മാത്രമല്ല ഇവിടത്തെ താരങ്ങൾ. വംശനാശം നേരിടുന്നവയടക്കം 29 ഇനം അപൂർവ ജീവികളുടെയും പന്നൽ ചെടികളുടെയും ഓർക്കിഡുകളുടെയും പുല്ലിനങ്ങളുടെയും പൂക്കളുടെയും ഷോലവനങ്ങളുടെയും നീർച്ചാലുകളുടെയുമൊക്കെ ഈറ്റില്ലം കൂടിയാണ് ഇവിടം. രാജമല എന്ന പേരിൽ അറിയപ്പെടുന്ന മലനിരകളാണ് ഈ സാങ്കേതത്തിന്റെ ജീവവായു. ഹിമാലയത്തിലും ബ്രഹ്മപുത്രയിലും അസമിലും ഭൂട്ടാനിലുമൊക്കെ കാണുന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ഈ ഭൂമിക പശ്ചിമഘട്ട മലനിരകളുടെ ഭാഗവും ഹിമാലയസാനുക്കളെക്കാൾ പഴക്കമുള്ളതുമാണ്. ബ്രഹ്മപുത്രയിൽ കാണുന്ന പ്രത്യേകതരം ആമകൾ, ഹിമാലയത്തിലുള്ള ഒരുതരം മുയൽ, സുവർണ നിറമുള്ള കുരങ്ങുകൾ എന്നിവ ഇവിടുത്തെ ജീവിവൈവിധ്യങ്ങളിൽ ചിലത് മാത്രം. കിഴക്കോട്ടൊഴുകുന്ന പാമ്പാർ ഉത്ഭവിക്കുന്നത് ഈ മലനിരകളിൽനിന്നാണ്. മൂന്നാറിലെ മൂന്ന് ആറുകളിൽ ഉൾപ്പെടുന്ന കന്നിയാർ, നല്ലതണ്ണി എന്നിവയും ഈ മലനിരയുടെ അനുഗ്രഹമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.