കൊക്കയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം; നിലപാടില്ലാതെ അധികാരികള്‍, ജനം രണ്ടുതട്ടില്‍
text_fieldsകൊക്കയാര്‍: കൊക്കയാർ പ്രാഥമികാരോഗ്യ കേന്ദ്രം കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലയിൽ മാറ്റുമെന്ന തീരുമാനത്തിൽ ജനം രണ്ട് തട്ടിൽ. പുതുതായി കണ്ടെത്തിയ സ്ഥലം കളിക്കളമാണെന്നും വിട്ടുനൽകാനാകില്ലെന്നും യുവാക്കൾ. കളിക്കളമല്ല, ആശുപത്രിയാണ് അത്യാവശ്യമെന്ന് ആക്ഷൻ കൗൺസിൽ. ജനങ്ങൾക്കിടയിൽ വിഷയം കത്തിനിൽക്കുമ്പോഴും നിലപാട് സ്വീകരിക്കാതെ അധികൃതർ.
മൂന്ന് പതിറ്റാണ്ട് മുമ്പ് പഞ്ചായത്തിലെ മേലോരത്ത് ആരംഭിച്ച സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ കൊക്കയാര്‍ മേഖലയിലേക്ക് മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചതായും പറയുന്നു. എന്നാല്‍ ആശുപത്രി മേലോരത്ത് നിന്ന് മാറ്റാന്‍ പ്രദേശവാസികള്‍ അനുവദിക്കാതിരുന്നതാണ് ആദ്യം കീറാമുട്ടിയായത്. നിരവധി തവണ ഇവരുമായി ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കി. മേലോരത്ത് സബ്സെന്റര്‍ പ്രവർത്തിപ്പിക്കാമെന്ന ഉറപ്പിലാണ് പ്രദേശവാസികള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്മാറിയത്.
കൊക്കയാര്‍ ഗ്രാമപഞ്ചയാത്ത് കാര്യാലയത്തിന് സമീപം പാരിസണ്‍ ഗ്രൂപ്പിന്റെ റബര്‍തോട്ടത്തില്‍ സ്ഥലം ലഭിക്കുമെന്നും ആശുപത്രി നിർമിക്കാമെന്നും പഞ്ചായത്ത് വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തു. ഇതിനായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപവത്കരിച്ചെങ്കിലും പിന്നീടൊരിക്കലും കൂടിയില്ല.
തോട്ടം ഉടമയെ കാണാനും ചര്‍ച്ചചെയ്യാനും ചില ജനപ്രതിനിധികള്‍ താൽപര്യം കാട്ടിയതല്ലാതെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല. സര്‍ക്കാർ പാട്ടക്കരാര്‍ പുതുക്കി നല്‍കാത്ത തോട്ടത്തിന്റെ സ്ഥലത്ത് എങ്ങനെ ആശുപത്രി നിർമിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകാനും അധികാരികള്‍ തയാറാകാത്തതും ദുരൂഹതക്ക് കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നു. തോട്ടം എന്ന് രേഖയുള്ള സ്ഥലം എങ്ങനെ കെട്ടിടത്തിനായി നല്കാനാവുമെന്നതിനും മറുപടിയില്ല. സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ നടപ്പാക്കുമെന്നാണ് ഒരുവര്‍ഷം മുമ്പ് പറഞ്ഞത്.
ഇതിനിടെ ആശുപത്രി വെംബ്ലിയിലേക്ക് മാറ്റുമെന്ന പ്രചാരണവും ശക്തമായി. പഞ്ചായത്ത് വക ഒരേക്കര്‍ ഭൂമിയിൽ ആശുപത്രി നിർമിക്കാമെന്നാണ് ജനപ്രതിനിധികളില്‍ ഒരുവിഭാഗം പറയുന്നത്. ബ്ലോക്ക് പഞ്ചായത്ത് വനിതാവികസന പദ്ധതിക്കായി ഇവിടെ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സബ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ ആശുപത്രി നിർമിക്കാനാവില്ലന്നും വര്‍ഷങ്ങളായി കളിക്കളമാക്കി ഉപയോഗിക്കുന്ന ഗ്രൗണ്ടാണെന്നും യുവാക്കള്‍ നിലപാടെടുത്തു. കളിക്കള പുനരുദ്ധാരണത്തിന് ബ്ലോക്ക് പഞ്ചായത്തംഗം അഞ്ചുലക്ഷം അനുവദിച്ചിരുന്നതായും യുവാക്കൾ പറയുന്നു.
ആശുപത്രിക്ക് എത്ര രൂപ ഫണ്ട് അനുവദിച്ചെന്നോ എവിടെ സ്ഥാപിക്കുമെന്നോ ജനങ്ങളുമായി പങ്കുവെക്കാൻ അധികൃതർ തയാറാകുന്നില്ല. വെംബ്ലിയില്‍ ആശുപത്രി എന്ന വിഷയത്തില്‍ ജനം രണ്ട് തട്ടിലായി നില്ക്കുമ്പോള് സർവകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യാനോ ഇരുകൂട്ടരെയും ഒരു മേശക്ക് ചുറ്റുമെത്തിക്കാനോ പഞ്ചയാത്തംഗമടക്കമുള്ളവര് തയാറാവുന്നില്ല. ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്തു തീരുമാനമെടുക്കുന്നതിനായി വിളിച്ച പഞ്ചായത്ത് കമ്മറ്റി സി.പി.എം അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. സി.പി.ഐയുടെ പഞ്ചായത്ത് പ്രസിഡന്റാണിവിടെ. നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച ഗ്രൗണ്ട് വിട്ടുനല്‍കാനാവില്ലെന്നാണ് യുവാക്കളുടെ നിലപാട്.
കാലങ്ങളായി ഭരണകര്‍ത്താക്കള്‍ കബളിപ്പിക്കുകയാണന്നും ഗ്രൗണ്ട് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു നിർമാണം നടത്തിയവര്‍ തന്നെ ഇത് തകര്‍ക്കാനും ശ്രമിക്കുന്നതായി കുറ്റപ്പെടുത്തുന്നു. ആശുപത്രിയാണ് അടിയന്തിര പ്രാധാന്യമുള്ളതെന്നും അത് മാറ്റാന്‍ ആരെയും അനുവദിക്കില്ലന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.