കോവിഡ് ബാധിതർ കൂടുന്നു; ചികിത്സാ സൗകര്യം കുറവ്
text_fieldsഅടിമാലി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ചികിത്സിക്കാന്‍ സൗകര്യമില്ലാതെ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയില്‍ അഞ്ചിടത്ത് മാത്രമാണ് ചികിത്സിക്കാന്‍ സൗകര്യമുള്ളത്. ഇവിടങ്ങളില്‍ പ്രവേശനം നല്‍കുന്നതിെൻറ ഇരട്ടിയിലേറെ പേര് ചികിത്സയിലുണ്ട്.
പ്രതിദിന കോവിഡ് ബാധിതർ ആയിരത്തിന് അടുത്ത് വരുമ്പോള്‍ ഭൂരിഭാഗം രോഗികളെയും വീട്ടിലേക്ക് പറഞ്ഞയക്കുകയല്ലാതെ നിവൃത്തിയില്ല. മറ്റ് രോഗങ്ങളുള്ളവരെയും ശ്വാസതടസ്സമുള്ളവരെയും പ്രത്യേക പരിഗണന നല്കി പരിചരിച്ചില്ലെങ്കില്‍ ജീവഹാനിക്കുപോലും സാധ്യതയുണ്ട്. എന്നാല്‍, എവിടെ കിടത്തിച്ചികിത്സിക്കുമെന്നതാണ് ചോദ്യം. സ്വകാര്യ ആശുപത്രികളിലൊന്നും കോവിഡ് ചികിത്സക്ക് സംവിധാനമില്ലെന്നാണ് ഇവര്‍ പറയുന്നത്.
മറ്റ് അസുഖങ്ങളുമായി എത്തുന്നവർക്കുപോലും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് പ്രവേശനം നല്‍കുന്നത്. ഇത് നിർധനരെയും ഇടനിലക്കാരെയും തൊഴിലാളികളെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നു. അടിമാലി ഇരുമ്പുപാലത്താണ് ദേവികുളം താലൂക്കിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍ ഉള്ളത്.100 കിലോമീറ്ററിന് അപ്പുറമുള്ള കാന്തലൂര് പഞ്ചായത്തിലെയും വട്ടവട, മറയൂര്‍, ഇടമലക്കുടി, മാങ്കുളം പഞ്ചായത്തുകളിലുള്ളവരെയും ഇവിടെയാണ് പ്രവേശിപ്പിക്കേണ്ടത്. 120 പേരെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കാന്‍ പറ്റൂ.
അടിമാലി പഞ്ചായത്തില്‍ മാത്രം പ്രതിദിനം 50നും 100നും ഇടക്ക് രോഗികളുള്ളപ്പോൾ മറ്റ് സ്ഥലങ്ങളിലുള്ളവര്‍ പുറത്താകുന്നു. ഈ പ്രശ്നമാണ് മറ്റു താലൂക്കുകളിലുള്ളവരും അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തെ മറികടക്കാന്‍ ഒരു പഞ്ചായത്തില്‍ ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഏഴു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അടിമാലിയില്‍ വൃക്കരോഗിക്ക് കോവിഡ് വന്നിരുന്നു.
ഡയാലിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, കോവിഡ് ബാധിച്ചത് ഡയാലിസ് മുടങ്ങാനും രോഗം മൂർച്ഛിച്ച് മരിക്കാനും ഇടവരുത്തിയത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. കോവിഡ് ഒന്നാം വ്യാപനസമയത്ത് ചിത്തിരപുരത്ത് കോവിഡ് ചികിത്സ തുടങ്ങിയിരുന്നു. ഇത് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.