17ലക്ഷം അടച്ചിട്ടും വെള്ളിയാമറ്റത്ത് 'നിലാവ്' എത്തിയില്ല
text_fieldsവെള്ളിയാമറ്റം: 17ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചിട്ടും വെള്ളിയാമറ്റത്ത് 'നിലാവ്' പദ്ധതി എത്തിയില്ല. വഴിയോരങ്ങളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ച് പ്രകാശപൂരിതമാക്കാൻ കെ.എസ്.ഇ.ബി ആവിഷ്കരിച്ചതാണ് പദ്ധതി. രണ്ടുവർഷം മുമ്പ്ഇതിനായി വെള്ളിയാമറ്റം പഞ്ചായത്ത് 17 ലക്ഷം രൂപ അടക്കുകയും ചെയ്തു. 500 വഴിവിളക്കുകൾ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിനാൽ വൈദ്യുതി ചെലവ് കുറവായിരിക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത്. പണമടച്ച് വർഷങ്ങളായിട്ടും പഞ്ചായത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാതായതോടെ കാൽനടക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്. വൈകീട്ട് ടൗണിൽ വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്. കടകൾ കൂടി അടക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാകും. പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടതനുസരിച്ച് ഒന്നാംവാർഡിൽ കെ.എസ്.ഇ.ബി വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാക്കി 14 വാർഡുകളും ഇരുട്ടിലാണ്. വഴിവിളക്ക് സ്ഥാപിക്കാനാവശ്യമായ ലൈനില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി അഴിച്ചുമാറ്റിയ വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാത്തതിന് ഉത്തരവാദി കെ.എസ്.ഇ.ബിയാണെന്നും ഇവ പുനഃസ്ഥാപിച്ച് വഴിവിളക്കുകൾ ഉടൻ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.