കെ.എസ്.ആർ.ടി.സി സർവിസുകൾ കുറയുന്നു;ഗ്രാമീണ മേഖലയിൽ യാത്രക്ലേശം രൂക്ഷം
text_fieldsതൊടുപുഴ: ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വിസുകള്‍ കെ.എസ്.ആര്.ടി.സി വെട്ടിക്കുറക്കുന്നത് യാത്രാ പ്രതിസന്ധിക്കിടയാക്കുന്നു. 52 സർവിസുകൾ നടത്തിയിരുന്ന തൊടുപുഴ ഡിപ്പോയിലെ 12ഓളം ഗ്രാമീണ സർവിസുകളാണ് വെട്ടിക്കുറച്ചത്. ഈ മേഖലകളിൽ ലാഭകരമല്ലെന്ന പേരിൽ സ്വകാര്യ ബസുകളും സർവിസ് നടത്താത്തതിനെ തുടർന്ന് സമാന്തര വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ഇത് സാധാരണക്കാരിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
തൊടുപുഴ ഡിപ്പോയില്‍നിന്ന് കരിമണ്ണൂര്‍-ഉടുമ്പന്നൂര്‍-പെരിങ്ങാശ്ശേരി -ഉപ്പുകുന്ന് വഴി ജില്ല ആസ്ഥാനത്തേക്ക് നടത്തിയിരുന്ന മൂന്ന് സര്‍വിസുകളാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. ഇതോടെ നൂറുകണക്കിന് പ്രദേശവാസികളും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമാണ് ബുദ്ധിമുട്ടിലായത്. തൊടുപുഴയിൽനിന്ന് രാവിലെ 6.15നും വൈകീട്ട് അഞ്ചിനും മുള്ളരിങ്ങാടിന് സർവിസ് നടത്തിയിരുന്ന രണ്ടും നിർത്തി. ആനക്കയത്തേക്ക് നാല് സർവിസുകളാണ് ഉണ്ടായിരുന്നത്. രാവിലെ 7.50, 1.40, 3.30,5.3 എന്നിങ്ങനെയായിരുന്നു സർവിസ്. ഇൗ ട്രിപ്പും നിർത്തി. തൊടുപുഴയിൽനിന്ന് 5.30ന് ഉണ്ടായിരുന്ന മേരിഗിരി, 6.30നുള്ള തോപ്രാംകുടി സർവിസും നിർത്തി. ഇപ്പോൾ കുട്ടികൾ ജീപ്പുകളടക്കമുള്ള വാഹനങ്ങളിലാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും. ബസിന് 20 രൂപ ടിക്കറ്റുള്ള ദൂരത്തിന് 60 രൂപയാണ് സമാന്തര വാഹനങ്ങൾവാങ്ങുന്നത്. ദിവസവും ഇത്രയും തുക നൽകി സഞ്ചരിക്കുന്നത് കുട്ടികളെ സംബന്ധിച്ചത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.
രാവിലെ 11.40ന് തൊടുപുഴയില്‍നിന്ന് ഉപ്പുകുന്ന് വഴി ചെറുതോണി-തോപ്രാംകുടിക്ക് ഉണ്ടായിരുന്ന സര്‍വിസും നിർത്തി. ഇവയിൽ പലതും യാത്രക്കാര്‍ കൂടുതലായി ആശ്രയിച്ചിരുന്ന ബസുകളാണ്. ഇതിനുപുറമെ രാവിലെ 7.50ന് തൊടുപുഴയില്‍നിന്ന് ചെറുതോണിക്കുള്ള സര്‍വിസ്, ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴയില്‍നിന്ന് ചെറുതോണിക്കും തിരിച്ച് ചേലച്ചുവട്-വണ്ണപ്പുറം വഴി തൊടുപുഴക്കും നടത്തിയിരുന്ന സര്‍വിസുകളും നിര്ത്തലാക്കിയവയിൽപ്പെട്ടതാണ്.
വിദ്യാർഥികളും വലയുന്നു
സ്കൂൾ തുറന്ന് വിദ്യാർഥികൾ ഏറെ യാത്രക്ലേശം നേരിടുന്ന ഘട്ടമാണ് ഇപ്പോൾ. സ്കൂൾ ബസുകളുടെ അഭാവത്തിൽ ഗ്രാമീണ മേഖലകളിലെ കുട്ടികൾ കൂടുതലായും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസുകളെയാണ് ആശ്രയിക്കുന്നത്. പലതും നിർത്തലാക്കിയെന്ന് മാത്രമല്ല ഉള്ളവ വിദ്യാർഥികൾ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കാര്യമായി പ്രയോജനപ്പെടുന്ന സമയത്തല്ലെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ തുറന്നതോടെ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, പെരിങ്ങാശ്ശേരി സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബസിനായി ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. അവികസിത മേഖലയായ ഉപ്പുകുന്നിലേക്ക് ഓട്ടോക്ക് കൂലിയായി 150 രൂപ നല്‍കണം.
നാട്ടുകാര്‍ ഇപ്പോള്‍ അമിതമായി ഓട്ടക്കൂലി നല്‍കിയാണ് ജോലിക്കുപോകുന്നതും മറ്റാവശ്യങ്ങള്ക്കുപോയി മടങ്ങുന്നതും. ജില്ല ആസ്ഥാനത്തേക്ക് പോകേണ്ടവര്‍ ഇപ്പോള്‍ തൊടുപുഴ വഴിയാണ് യാത്രചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.