കെ.എസ്.ആർ.ടി.സി പണിമുടക്ക്: തോട്ടം മേഖലയെ ബാധിച്ചു
text_fieldsതൊടുപുഴ: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരംഭിച്ച പണിമുടക്ക് ജില്ലയിൽ പൂർണം. ഭരണകക്ഷി യൂനിയൻ ഉൾപ്പെടെ പണിമുടക്കിൽ പങ്കെടുത്തതോടെ കെ.എസ്.ആർ.ടി.സി സർവിസുകൾ സ്തംഭിച്ചു.
ഒരുപതിറ്റാണ്ട് ശമ്പള വർധന നിഷേധിച്ച് കെ.എസ്.ആർ.ടിസി ജീവനക്കാരെ മനഃപൂർവം പണിമുടക്കിലേക്ക് തള്ളിവിട്ട സമീപനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് പണിമുടക്കിയ ജീവനക്കാർ ആരോപിച്ചു. തൊഴിലാളികൾ വിവിധ ഡിപ്പോകളിൽ പ്രകടനം നടത്തി. ജില്ലയിലെ ആറ് ഡിപ്പോകളിലും പണിമുടക്ക് പൂർണമായിരുന്നു. തൊടുപുഴ, മൂലമറ്റം, മൂന്നാർ, കുമളി, കട്ടപ്പന, നെടുങ്കണ്ടം ഡിപ്പോകളിൽനിന്ന് ഒരു ബസ് പോലും സർവിസ് നടത്തിയില്ല. പണിമുടക്കിയ തൊഴിലാളികൾ തൊടുപുഴയിൽ പ്രകടനം നടത്തി.
നെടുങ്കണ്ടം: നെടുങ്കണ്ടം ഡിപ്പോയിലെ മൂഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു,ബി.എം.എസ് തുടങ്ങി മൂന്നു യൂനിയനുകളിലെയും തൊഴിലാളികള്‍ സംയുക്തമായി പണിമുടക്കില്‍ പങ്കുചേർന്നു. ആകെ 20 തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തേതാടെ ബസുകള്‍ ഒന്നും സര്‍വിസ് നടത്തിയില്ല. നെടുങ്കണ്ടത്തുനിന്ന് എട്ട് സര്‍വിസുകളാണ് നിലവിലുള്ളത്.
മൂന്നാർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തെ തുടർന്ന് മൂന്നാർ ഡിപ്പോയുടെ പ്രവർത്തനം പൂർണമായും നിലച്ചു. മൂന്നാർ ഡിപ്പോയിൽനിന്നുള്ള 28 ആഭ്യന്തര സർവിസുകളും നാല് അന്തർസംസ്ഥാന സർവിസുകളും നിർത്തിെവച്ചതോടെ യാത്രക്കാരും വലഞ്ഞു. ഡിപ്പോയിലെ 120ഓളം തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്.
തോട്ടംമേഖലയെ ബാധിച്ചു
കട്ടപ്പന: പണിമുടക്കിനെ തുടർന്ന് അന്തർ സംസ്ഥാന സർവിസുകളടക്കം മുടങ്ങി. കട്ടപ്പന സബ് ഡിപ്പോയിൽനിന്ന് ഒരു ബസ് പോലും വെള്ളിയാഴ്ച ഓടിയില്ല. കട്ടപ്പന-കമ്പം അന്തർസംസ്ഥാനം ഉൾപ്പെടെ മുഴുവൻ സർവിസുകളും മുടങ്ങി. ആകെ 26 ഷെഡ്യൂളുകളാണ് കട്ടപ്പന ഡിപ്പോയിൽനിന്ന് ഒരുദിവസം ഓപറേറ്റ് ചെയ്യുന്നത്. കട്ടപ്പന സബ് ഡിപ്പോയിൽ 81 ഡ്രൈവർമാരും 67 കണ്ടക്ടർമാരുമാണ് ഉള്ളത്. ഇവരെല്ലാം പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്കിനെ തുടർന്ന് ഹൈറേഞ്ചിലെ ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് കൂടുതൽ വലഞ്ഞത്. പണിമുടക്ക് തോട്ടം തൊഴിലാളികളെയും ബാധിച്ചു.
ഒന്നോ രണ്ടോ കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഗ്രാമീണ മേഖലയിലെ ജനജീവിതം പണിമുടക്കിനെ തുടർന്ന് നിശ്ചലമായി. ജോലി, ആശുപത്രി, ബാങ്ക്, വ്യാപാരം, തുടങ്ങി വിവിധ ആവിശ്യങ്ങൾക്ക് പോകാനുള്ള ഏക ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കി. ഹൈറേഞ്ചിലെ ഏലം, തേയില തോട്ടം തൊഴിലാളികൾക്കും പണിമുടക്ക് മൂലം തൊഴിൽ നഷ്ടമായി. പീരുമേട്ടിലെയും വാഗമണ്ണിലെയും തേയിലതോട്ടം തൊഴിലാളികൾക്കും ആനവിലാസം, വണ്ടന്മേട് - മാലി, വെള്ളാരംകുന്ന്, കോവിൽമല, മേപ്പാറ തുടങ്ങിയ മേഖലയിലെ ഒട്ടേറെ ഏലത്തോട്ടം തൊഴിലാളികൾക്കും പണിക്കിറങ്ങാനായില്ല. പണിമുടക്ക് തുടരുന്നതിനാൽ തൊഴിലാളികൾക്ക് ഇന്നും പണിക്കിറങ്ങാനാകില്ല.
കോട്ടയം-കുമളി റൂട്ടിൽ യാത്ര ദുരിതമായി
പീരുമേട്: പണിമുടക്ക് ദേശീയപാത 183ലെ സർവിസുകൾ പൂർണമായി മുടങ്ങി. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ കോട്ടയം-കുമളി റൂട്ടിൽ വൻ യാത്രക്ലേശമാണ് ഉണ്ടായത്.
നാമമാത്രമായ സ്വകാര്യ ബസുകളിൽ വൻ തിരക്കാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. രാവിലെയും വൈകീട്ടും സ്കൂൾ ഓഫിസ് സമയം യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കാത്തുനിന്നാണ് യാത്ര ചെയ്തത്. കുമളിയിൽനിന്ന് വൈകീട്ട് 3.15ന് കോട്ടയത്തേക്ക് സ്വകാര്യ ബസ് പോയതിനുശേഷം പിന്നീട് സ്വകാര്യ ബസുകളും ഉണ്ടായില്ല. ഇത് വലിയ ദുരിതമാണ് യാത്രക്കാരിൽ ഉണ്ടാക്കിയത്. സമാന്തര സർവിസ് വാഹനങളിൽ കുട്ടിക്കാനത്ത് എത്തി കട്ടപ്പന മേഖലകളിൽ നിന്നെത്തുന്ന സ്വകാര്യ ബസുകളിലാണ് യാത്രക്കാർ സഞ്ചരിച്ചത്. സ്വകാര്യ ബസുകൾ കൂടുതലുള്ള കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ യാത്രക്ലേശം ഉണ്ടായില്ല.
ആശ്രയം ട്രിപ്പ് ജീപ്പുകൾ
മൂലമറ്റം: കെ.എസ്.ആർ.ടി.സി സമരം മലയോര മേഖലയെ ദുരിതത്തിലാക്കി. പ്രധാനമായും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന എടാട്-വാഗമൺ- ഏലപ്പാറ മേഖലകളിലേക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ചെറുതോണി, കട്ടപ്പന തുടങ്ങിയ മേഖലകളിലേക്കുമുള്ള സർവിസ് മുടങ്ങിയതും ജനങ്ങളെ ദുരിതത്തിലാക്കി. ജോലിക്കും മറ്റും എത്തേണ്ടവർക്ക് ട്രിപ്പ് ജീപ്പുകളെയും സ്വകാര്യ വാഹനങ്ങളെയും സഹായകമായി. മൂലമറ്റം ഡിപ്പോയുടെ കീഴിൽ 16 ബസുകളാണ് സർവിസ് നടത്തുന്നത്. സമരം മൂലം ഇന്നലെ 16 ബസുകളും സർവിസ് നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.