ഓണ വിപണിയില് നേട്ടം കൊയ്ത് കുടുംബശ്രീ
text_fieldsഇടുക്കി: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലവർധനയിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി മാറിയ ജില്ല കുടുംബശ്രീ മിഷന്റെ ഓണവിപണന മേളകളിൽനിന്ന് വനിത കൂട്ടായ്മകൾ കൈവരിച്ചത് 39,76,494 രൂപയുടെ വിറ്റുവരവ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച മേളകൾക്ക് മുൻ വർഷങ്ങളിലേതിനേക്കാൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ജില്ലതല മേള, 53 സി.ഡി.എസ് മേള, രണ്ടു പ്രത്യേക വിപണന മേള എന്നിവയാണ് ഇക്കുറി കുടുംബശ്രീ മിഷൻ സംഘടിപ്പിച്ചത്. പൂക്കളും പഴങ്ങളും നാടൻ പച്ചക്കറികളും ഭക്ഷ്യ ഉൽപന്നങ്ങളും വിവിധതരം പായസങ്ങളും അഞ്ചു മുതൽ 10 ദിവസം വരെ നീണ്ട മേളകളിൽ ലഭ്യമായിരുന്നു. പ്രാദേശിക സി.ഡി.എസുകൾക്കായിരുന്നു മേളയുടെ നടത്തിപ്പ് ചുമതല.
ഇതിനായി ഓരോ സി.ഡി.എസിനും അടിസ്ഥാന ചെലവുകൾക്ക് 12,000 രൂപയും അനുവദിച്ചിരുന്നു. അധികമായി വരുന്ന ചെലവ് അതത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നും നൽകി.
ചില സ്ഥലങ്ങളിൽ സി.ഡി.എസുകൾ തനിച്ചും മറ്റു സ്ഥലങ്ങളിൽ പഞ്ചായത്ത്, കൃഷിഭവൻ എന്നീ സ്ഥാപനങ്ങളുമായി ചേർന്നുമാണ് വിപണന കേന്ദ്രങ്ങൾ പ്രവർത്തിച്ചത്.
കട്ടപ്പന നഗരസഭയിൽ രണ്ട്, തൊടുപുഴ നഗരസഭയിൽ ഒന്ന്, വിവിധ പഞ്ചായത്തുകളിലായി 50 എന്നിങ്ങനെയാണ് 53 സി.ഡി.എസുകളുടെ നേതൃത്വത്തിൽ ഓണവിപണികൾ സംഘടിപ്പിച്ചത്. ഇത് കൂടാതെ അടിമാലി, ദേവികുളം ബ്ലോക്കുകളിൽ റീബിൽഡ് കേരളയുടെ എം.ഇ.സിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിപണന മേളകളും സംഘടിപ്പിച്ചു. ഇതിൽ ആകെ 42 ആർ.കെ.ഐ സംരംഭകരുടെ ഉൽപന്നങ്ങളാണ് വിറ്റത്. ഇവർക്ക് 1,77,511 രൂപയുടെ വിറ്റുവരവ് ലഭിച്ചു.
തൊടുപുഴ നഗരച്ചന്തയിൽ സംരംഭങ്ങളുടെ ഉൽപന്നങ്ങൾ അടങ്ങുന്ന 200 രൂപയുടെ 300 കിറ്റും കരിങ്കുന്നം സി.ഡി.എസ് 500 രൂപയുടെ 200 കിറ്റും മുൻകൂട്ടി ഓർഡർ എടുത്ത് നൽകി.
ചില സി.ഡി.എസുകൾ ആശ്രയക്കിറ്റ് വിതരണവും ആശ്രയ ഗുണഭോക്താക്കൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകി. ജില്ലയിലെ ആകെ സി.ഡി.എസുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിച്ചത് കഞ്ഞിക്കുഴിക്കാണ്. 3,61,480 രൂപയുടെ വിറ്റുവരവാണ് ഇവർക്ക് ലഭിച്ചത്. 1,93,380 രൂപയുടെ വിറ്റുവരവ് ലഭിച്ച കരുണാപുരമാണ് രണ്ടാമത്. 1,64,089 രൂപയുടെ വിറ്റുവരവ് നേടി കരിമണ്ണൂർ മൂന്നാമതെത്തി.
53 സി.ഡി.എസ്, 589 സംരംഭം
സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം കുടുംബശ്രീ കേരളത്തിലെമ്പാടും സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും വിപണന കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചത്. ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ സ്വന്തം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും കൂടുതൽ സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് വരാനും സാധിച്ചു. ജില്ലയിലെ 53 സി.ഡി.എസിൽനിന്ന് 589 സംരംഭങ്ങളാണ് വിപണനത്തിന് ഈ കേന്ദ്രങ്ങളിലേക്ക് എത്തിയത്. 12,494 അയൽക്കൂട്ടങ്ങളിലായി 1,64,634 അംഗങ്ങളുള്ള ശൃംഖലയാണ് ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മ.
കുടുംബശ്രീ ബ്രാൻഡ്
ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും സംരംഭകരും സ്വന്തമായി നിർമിച്ച സാധന സാമഗ്രികളായിരുന്നു ഓണം വിപണന മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഓരോ ദിവസവും വ്യത്യസ്ത ഇനങ്ങളിലുള്ള പായസം, പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിച്ച പഴവർഗങ്ങൾ, പച്ചക്കറികൾ, മസാലപ്പൊടികൾ, പപ്പടം, അച്ചാർ, തുണി ഉൽപന്നങ്ങൾ, തേൻ, വെളിച്ചെണ്ണ എന്നിങ്ങനെ വൈവിധ്യങ്ങളായ ഉൽപന്നങ്ങളാണ് വിപണനം ചെയ്തത്. കുടുംബശ്രീ യൂനിറ്റുകളുടെ തനത് ഉൽപന്നങ്ങളായ അച്ചാറുകൾ, ചിപ്സ്, ചമ്മന്തിപ്പൊടി, സംരംഭ യൂനിറ്റുകളുടെ സാമ്പാർ പൊടി, ഫിഷ് മസാല, ചിക്കൻ മസാല, മുളകുപൊടി, മല്ലിപ്പൊടി, രസപ്പൊടി, മഞ്ഞൾപ്പൊടി, അച്ചാർപൊടി കൂടാതെ ജെ.എൽ.ജി യൂനിറ്റുകളുടെ പച്ചക്കറികൾ, ഉണങ്ങിയ ഉൽപന്നങ്ങൾ, തേങ്ങ, വാളൻപുളി, കുടംപുളി, പരമ്പരാഗത ഉൽപന്നങ്ങളായ മുറം, കൊട്ട, ചവിട്ടി, വിശറി തുടങ്ങിയവയും ചാക്ക് സഞ്ചി, വിവിധതരം ലോഷനുകൾ, സോപ്പുകൾ, പലഹാരങ്ങൾ, അഗ്രി എ.ബി.വി യൂനിറ്റിന്റെ ബന്ദിപ്പൂവും മുല്ലപ്പൂവും മിതമായ നിരക്കിൽ വിപണി കീഴടക്കാൻ മുന്നിലുണ്ടായിരുന്നു. കൂടാതെ കാർഷിക ഉൽപന്ന (ജെ.എൽ.ജി) വിഭാഗത്തിൽനിന്ന് 1166 ഉൽപന്നങ്ങളും എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.