കുമളി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ബോർഡിൽ മാത്രം; പരാതിപ്പുസ്തകം കാണാനില്ല
text_fieldsകുമളി: ന്യായവിലയ്ക്ക് സാധനങ്ങൾ നൽകാൻ ആരംഭിച്ച കുമളിയിലെ സപ്ലൈകോ പീപ്പിൾ ബസാറിനെതിരെ പരാതി വ്യാപകമാകുന്നു. സബ്സിഡി സാധനങ്ങൾ പലതും മിക്കപ്പോഴും ലഭ്യമല്ലെന്നതാണ് പരാതിക്കിടയാക്കുന്നത്. വിലവിവര പട്ടികയിൽ ഇത്തരം സാധനങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും പലതും ലഭ്യമല്ല.
സബ്സിഡി നിരക്കിൽ പഞ്ചസാര, ഉഴുന്ന്, വത്തൽമുളക്, മല്ലി, ചെറുപയർ, വൻപയർ, പരിപ്പ്, വെളിച്ചെണ്ണ എന്നിവയാണ് റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്നത്. ഇതിൽ മല്ലി, ഉഴുന്ന്, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെ പല സാധനങ്ങളും മാസത്തിലെ ആദ്യ ആഴ്ചയിൽ മാത്രമാണ് ഉണ്ടാവുക. സാധനങ്ങൾ വെച്ചിരിക്കുന്ന സ്ഥലത്ത് വിലവിവരം പ്രദർശിപ്പിക്കാത്തതും ഉപഭോക്താക്കളെ ജീവനക്കാർ ശ്രദ്ധിക്കാത്തതും പതിവ് സംഭവമാണ്.
സർക്കാർ ജീവനക്കാരെന്ന നിലയിലുള്ള പെരുമാറ്റമാണ് ജീവനക്കാരിൽനിന്നു ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ സാധനങ്ങൾ വാങ്ങാനെത്തിയയാൾക്ക് സബ്സിഡി സാധനങ്ങൾ ലഭിക്കാത്തതിനാൽ പരാതി എഴുതാൻ പരാതിപ്പുസ്തകം ആവശ്യപ്പെട്ടു. എന്നാൽ, പരാതിപ്പുസ്തകം കാണാനില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
ഇതിന് പിന്നാലെ താലൂക്ക് സപ്ലൈ ഓഫിസറുടെ നമ്പർ ചോദിച്ചെങ്കിലും നൽകിയത് ഇതുമായി ബന്ധമില്ലാത്ത ആളുടെ നമ്പറായിരുന്നുവെന്ന് കുമളി വലിയകണ്ടം സ്വദേശി പി.എം. താജുദ്ദീൻ പറയുന്നു. ജില്ല സപ്ലൈ ഓഫിസർക്ക് ഇദ്ദേഹം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.