ഉദ്ഘാടനത്തിന് പിന്നാലെ കുമളിയിലെ എക്സ് റേ യൂനിറ്റ് പൂട്ടി
text_fieldsകുമളി: കാൽകോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച സർക്കാർ ആശുപത്രിയിലെ എക്സ് റേ യൂനിറ്റ് ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാതെ അടച്ചുപൂട്ടി. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്സ് റേ യൂനിറ്റാണ് അധികൃതരുടെ അലംഭാവം മൂലം രോഗികൾക്ക് പ്രയോജനമില്ലാതായിത്തീർന്നത്.
കഴിഞ്ഞ വർഷം ജൂലൈ 13നായിരുന്നു ഇതിന്റെ ആഘോഷമായ ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കസേര മാറ്റത്തിനു മുമ്പായി അതിവേഗത്തിലായിരുന്നു ജീവനക്കാരെ നിയമിക്കാതെയുള്ള ഉദ്ഘാടന പരിപാടി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു മടങ്ങിയതോടെ എക്സ് റേ യൂനിറ്റിന് താഴുവീണു. ആറ് മാസം പിന്നിട്ടിട്ടും ഇത് തുറക്കാനായിട്ടില്ല. പ്രവർത്തിപ്പിക്കാൻ ടെക്നിഷ്യനെ കണ്ടെത്തി നിയമിക്കാത്തതാണ് പാവപ്പെട്ട രോഗികളെ പെരുവഴിയിലാക്കിയത്.
എക്സ് റേ യൂനിറ്റ് കെട്ടിടത്തിനായി 11.40 ലക്ഷം, ഉപകരണങ്ങൾ വാങ്ങാൻ 13.17 ലക്ഷം, മറ്റു ക്രമീകരണങ്ങൾക്കായി 1.71 ലക്ഷം എന്നിങ്ങനെ 26.29 ലക്ഷം ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. എക്സ് റേ യൂനിറ്റുണ്ടായിട്ടും രോഗികളെ സ്വകാര്യ ലാബുകളിലേക്ക് അയക്കേണ്ട സ്ഥിതിയാണ്. ഗ്രാമപഞ്ചായത്തിന് ഇടപെട്ട് താത്ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാമായിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. സ്വന്തമായി എക്സ് റേ യൂനിറ്റ് ഉണ്ടായിട്ടും രോഗികളെ 500- 1000 രൂപ വരെ ഈടാക്കുന്ന സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിനു പിന്നിൽ സ്വകാര്യ ലാബുകാരുമായുള്ള ഒത്തുകളിയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കാർഷിക, ആദിവാസി മേഖലകളിലെ പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം നിലനിൽക്കേയാണ് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.