'റിമാൻഡിലായ' ആംബുലൻസിന് രണ്ടുവർഷത്തിനുശേഷം മോചനം
text_fieldsകുമളി: എൻജിൻ മോഷ്ടിെച്ചന്ന പരാതിയിൽ രണ്ടുവർഷത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്ന കുമളി ഗ്രാമപഞ്ചായത്തുവക ആംബുലൻസിന് കോടതി ഇടപെട്ട് മോചനം. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് 2018 ജൂലൈ ആറിന് ആംബുലൻസ് പൊലീസ് കസ്റ്റഡിയിലായത്. ശബരിമല തീർഥാടകരുമായി പോകും വഴി 2017ൽ അപകടത്തിൽപെട്ട ആംബുലൻസ് അറ്റകുറ്റപ്പണി പൂർത്തിയാക്കി പരിശോധനക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ആംബുലൻസിെൻറ എൻജിൻ നമ്പറിൽ തിരുത്തൽ വരുത്തിയതായി ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതോടെ ഭരണസമിതിെക്കതിരെ സി.പി.എം ഇത് ആയുധമാക്കി. പഞ്ചായത്ത് പ്രസിഡൻറിനെ തടഞ്ഞുവെക്കുന്നത് ഉൾെപ്പടെ വലിയ പ്രതിഷേധം സി.പി.എം സംഘടിപ്പിച്ചു. ഇതേതുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവാദം കോടതി കയറിയതോടെ അന്വേഷണ ഉദ്യോഗസ്ഥർ നിർമാണക്കമ്പനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. എൻജിൻ നമ്പറിലെ വ്യത്യാസം കമ്പനിക്ക് സംഭവിച്ച തെറ്റാണെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് വാഹനം വിട്ടുനൽകാൻ കോടതി ഉത്തരവിട്ടെങ്കിലും നടപടിക്രമം നീണ്ടു. ഇതിനിടെ ആംബുലൻസ് പ്രശ്നത്തിൽ ചായപ്പീടിക ഉൾെപ്പടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമായി. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ 26 മാസങ്ങൾക്കുശേഷം ആംബുലൻസ് പൊലീസ് സ്റ്റേഷൻ വിട്ട് നിരത്തിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.