തേക്കടിയിൽനിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ നീക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞു
text_fieldsകുമളി: തേക്കടി തടാകത്തിൽ നിന്ന് മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത് തടസ്സപ്പെടുത്തി തടാകത്തിൽ നിന്നും മോട്ടോർ നീക്കാൻ വാട്ടർ അതോറിറ്റി അധികൃതർ നടത്തിയ നീക്കം പഞ്ചായത്തും നാട്ടുകാരും ഇടപ്പെട്ട് തടഞ്ഞു. കുമളി, ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ തേക്കടി തടാകത്തിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.
കടുത്ത വേനലിൽ തേക്കടിയിൽ നിന്ന് കൃത്യമായി പമ്പിംങ്ങ് നടത്തിയാൽ പോലും ജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളുണ്ട്. ഇതിനിടെയാണ് തേക്കടിയിലുള്ള രണ്ട് മോട്ടറിൽ ഒരെണ്ണം എടുത്ത് കുടിവെള്ള വിതരണം നിലച്ച ഹെലിബറിയായിൽ എത്തിക്കാൻ ശ്രമം നടന്നത്.
ഈ മേഖലയിലെ ജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാൽ കടുത്ത വേനൽ കാലത്ത് ഇത് തേക്കടി ശുദ്ധജല കുടിവെള്ള പദ്ധതിയെ ബാധിക്കുമെന്ന് വ്യക്തമായതോടെയാണ് കുമളി പഞ്ചായത്ത് അധികൃതർ ഇടപെട്ട് നടപടി തടഞ്ഞത്. ഒരു പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുമ്പോൾ മറ്റൊരു പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുന്ന നടപടിയാണ് ജല അതോറിറ്റി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പീരുമേട് ഹെലിബറിയ പദ്ധതിയിൽ നിന്നുള്ള ശുദ്ധജല വിതരണം മുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടിരുന്നു. ഇതോടെ വാട്ടർ അതോറിറ്റിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. ഇതിനു പിന്നാലെയാണ് തേക്കടിയിൽ നിന്ന് 25 എച്ച്.പിയുടെ മോട്ടർ പെരിയാർ തീരത്ത് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ നീക്കം നടത്തിയത്.
നിലവിൽ മൂന്ന് പഞ്ചായത്തുകളിലെ നൂറുകണക്കിന് നാട്ടുകാർക്ക് കുടിവെള്ളം എത്തിക്കാൻ ഉപയോഗിക്കുന്ന പമ്പ് ഹൗസിലെ മോട്ടോർ നീക്കുന്നത് ഏറെ ദോഷകരമാകുമെന്ന് വ്യക്തമായതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
തേക്കടിയിൽ നിന്ന് കൊണ്ടു പോകുന്ന മോട്ടോർ പിന്നീട് ഒരിക്കലും തിരികെ കിട്ടില്ല എന്നതാണ് ഇതിനെ എതിർക്കാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. ഇതേസമയം, ജല അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് മോട്ടർ അഴിച്ച് കൊണ്ടു പോകാൻ ശ്രമിച്ചതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.