തോട്ടം തൊഴിലാളിയായി, അധ്യാപികയായി; ഇനി സിവിൽ സർവിസ്
text_fieldsകുമളി: ''ജീവിത സാഹചര്യങ്ങൾ മൂലം പഠനത്തിൽ പിന്നിലായവരെയും മിടുക്കരെയും ഒരുപോലെ ചേർത്തു നിർത്തുന്നതാവണം അധ്യാപനം. അൽപമൊരു കരുതൽ ലഭിച്ചാൽ കുതിച്ചുപായാൻ ശേഷിയുള്ളവരാണ് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ പല കുട്ടികളും'' സ്വന്തം ജീവിതമാണ് ശെൽവമാരി ഇതിന് തെളിവായി നമ്മളെ കാട്ടിത്തരുന്നത്. ചോറ്റുപാറയിൽ തേയിലത്തോട്ടത്തിനോട് ചേർന്ന ഇരുമുറി വീട്ടിലെ പരിമിത സാഹചര്യങ്ങളിൽനിന്ന്, മിന്നുന്ന വിജയം നേടി അധ്യാപികയായ െശൽവമാരി ജീവിതപാഠങ്ങൾ കൂടിയാണ്.
വണ്ടിപ്പെരിയാർ വഞ്ചിവയൽ ട്രൈബൽ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോഴും സിവിൽ സർവിസ് എന്ന ലക്ഷ്യം ൈശൽവമാരി വിടാതെ പിന്തുടരുന്നു. രാത്രിയും പകലുമെന്നില്ലാതെ പഠനം. ഇതിനിടയിൽ ഒഴിവ് കണ്ടെത്തി ഏലത്തോട്ടത്തിൽ കൂലിവേല. മഴക്കാലത്ത് തോട്ടിൽനിന്ന് വെള്ളം കയറുന്ന വീട്ടിൽ അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം ഉറക്കമിളച്ച് പുസ്തകങ്ങളും സാധനങ്ങളും നഷ്ടപ്പെടാതിരിക്കാനുള്ള കാത്തിരിപ്പ്. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം. ഇളയ സഹോദരികളുടെ വിവാഹം കഴിഞ്ഞപ്പോഴും പഠനം തുടർന്നു. ജോലി നേടിയ ശേഷമേ വിവാഹമുള്ളൂവെന്ന നിലപാടിൽ ഉറച്ചുനിന്നു. അങ്ങനെ പലർക്കും പാഠപുസ്തകമായി െശൽവമാരിയുടെ ജീവിതം.
അച്ഛൻ ഉപേക്ഷിച്ചുപോയ കൊച്ചുവീട്ടിൽ അമ്മ െശൽവം തേയിലത്തോട്ടത്തിൽ പണിക്കുപോയി ലഭിക്കുന്ന കൂലി മാത്രമായിരുന്നു വരുമാനം. മക്കൾ മൂവരും പഠനത്തിൽ മിടുക്കികൾ. സുകന്യയും സുധയും ബിരുദാനന്തര ബിരുദമെടുത്ത് ബി.എഡിനും ശേഷം വിവാഹിതരായി തമിഴ്നാട്ടിലാണ്.
വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടെ െശൽവമാരി എം.എസ്സിയും എം.എഡും ഒന്നാം റാങ്കോടെ എം.ഫിലും പിന്നാലെ നെറ്റും കൈപ്പിടിയിലൊതുക്കി. അധ്യാപികയായി ജീവിതം ആരംഭിച്ചെങ്കിലും ഓൺലൈൻ വഴി മാത്രമാണ് വിദ്യാർഥികളുമായുള്ള ബന്ധം. സ്കൂളുകൾ തുറക്കുന്നതോടെ അധ്യാപികയെന്ന നിലയിൽ കൂടുതൽ നന്നായി പ്രവർത്തിക്കാനാവുമെന്ന് ശെൽവമാരി പറയുന്നു.
പഠനത്തിൽ മികച്ച വിജയം നേടിയ െശൽവമാരിയെ കേരള ഗവർണർ രാജ്ഭവനിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. പിന്നാലെ നിയമസഭ സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ അഭിനന്ദനങ്ങളും എത്തി. കേരള സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിനി കൂടിയാണ്. കണക്കുകൂട്ടലുകൾ പിഴക്കാത്ത കണക്ക് അധ്യാപികയായി വിദ്യാർഥികൾക്ക് മുന്നിൽ വലിയ പാഠമാണ് പകർന്നുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.