മന്ത്രിസഭാ യോഗം തേക്കടിയിൽ; ചരിത്രത്തിൽ ഇടം പിടിക്കാനൊരുങ്ങി ബാംബു ഗ്രോവ്
text_fieldsകുമളി: ജില്ലയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് തേക്കടി ആനവാച്ചാലിലെ വനം വകുപ്പിന്റെ ബാംബൂ ഗ്രോവ് ഒരുങ്ങി. വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമുള്ള വനം വകുപ്പിന്റെ സ്ഥാപനമാണ് ബാംബൂ ഗ്രോവ്. ബാംബൂ ഗ്രോവിലെ കളരിയിലാണ് ചൊവ്വാഴ്ച രാവിലെ മന്ത്രിസഭാ യോഗം ചേരുക.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പടെ 22 പേർക്കാണ് കളരി ഹാളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വണ്ടിപ്പെരിയാറിൽ ചൊവ്വാഴ്ച രാവിലെ 11ന് നടക്കുന്ന നവകേരള സദസ്സിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരുക. തിങ്കളാഴ്ച രാത്രി തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകളായ ആരണ്യ നിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിലാണ് മന്ത്രിമാർ താമസിക്കുക.
ചൊവ്വാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയും മറ്റുള്ളവരും വണ്ടിപ്പെരിയാറിലെത്തുക. തിങ്കളാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന തേക്കടിയിലെ ഹോട്ടലുകൾ ലക്ഷങ്ങൾ ചെലവഴിച്ചാണ് മോടിപിടിപ്പിച്ചത്. വർഷങ്ങളായി തകർന്നു കിടന്നിരുന്ന തേക്കടി റോഡിലെ അറ്റകുറ്റപണികൾ ഞായറാഴ്ച പ്രവൃത്തി ചെയ്ത് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി. മന്ത്രിസഭാ യോഗം നടക്കുന്ന കളരിയും ബാംബൂ ഗ്രോവും അറ്റകുറ്റപണികൾ നടത്തി മോടിപിടിപ്പിച്ചിട്ടുണ്ട്. ഇവിടേക്ക് മുടങ്ങാതെ വൈദ്യുതി, ഇൻറർനെറ്റ് സൗകര്യങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കനത്ത സുരക്ഷാവലയത്തിലാണ് മന്ത്രിസഭാ യോഗം നടക്കുക. സ്വകാര്യ വാഹനങ്ങൾ, വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ എന്നിവ ആനവാച്ചാൽ റോഡിലേക്ക് പ്രവേശിക്കുന്നത് ചൊവ്വാഴ്ച രാവിലെ നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.