ഇവിടെ കോവിഡ് ജാഗ്രത; തമിഴ്നാട് ഉദ്യോഗസ്ഥർക്ക് 'നോ പ്രോബ്ലം'
text_fieldsകുമളി: സംസ്ഥാനത്ത് കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും അതിർത്തിയിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളി. തമിഴ്നാട്ടിൽ രോഗവ്യാപനമുള്ള തേനി, ദിണ്ഡുഗൽ ജില്ലയിൽനിന്ന് കുമളിയിലെത്തുന്ന പൊലീസ്, വനം, റവന്യൂ ഉദ്യോഗസ്ഥരെ ഒരു പരിശോധനയും കൂടാതെ കുമളിയിൽ കറങ്ങാൻ അനുവദിക്കുന്നു.
അതിർത്തിക്കപ്പുറത്ത് ഡ്യൂട്ടിക്കെത്തുന്ന പൊലീസ്, വനം ഉദ്യോഗസ്ഥരിൽ മിക്കവരും കുമളി, വണ്ടിപ്പെരിയാർ, കട്ടപ്പന ഉൾെപ്പടെ പല സ്ഥലങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്.
തമിഴ്നാട്ടിൽ ലോട്ടറിക്ക് നിരോധനം നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥരിൽ മിക്കവരും കുമളി ടൗണിലെ ലോട്ടറി കടകൾ, ഹോട്ടൽ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളെല്ലാം സന്ദർശിക്കുന്നു. പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അതിർത്തിയിൽ ജാഗ്രതയുടെ പേരിൽ നാട്ടുകാർക്ക് നിയന്ത്രണമേർപ്പെടുത്തി 'കർമനിരതരായി' നിൽക്കുമ്പോഴാണ് ഇവർക്കിടയിലൂടെ ശരീര ഊഷ്മാവ് പരിശോധന പോലുമില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥർ ടൗണിലെത്തുന്നത്.
കോവിഡ് ജാഗ്രതയുടെ ഭാഗമായി തമിഴ്നാട്ടിലേക്ക് പോകുന്നവർക്ക് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് അതിർത്തിയിലെ ഒത്തുകളി തുടരുന്നത്.
രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥരെ പരിശോധകളില്ലാതെ കടത്തിവിടുന്നതിന് അതിർത്തിയിലെ കോവിഡ് ജാഗ്രത കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പൊലീസുമാണ് ഒത്താശ ചെയ്യുന്നത്. അതിർത്തിയിലെ കാക്കിപ്പേടിയും വിധേയത്വവും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
രോഗവ്യാപനത്തിന് വഴിയൊരുക്കി തമിഴ്നാട് ഉദ്യോഗസ്ഥരെ കേരളത്തിൽ ചുറ്റിക്കറങ്ങാൻ അനുവദിക്കുമ്പോഴും അതിർത്തിയിലെത്തുന്ന മലയാളികൾക്ക് ക്വാറൻറീനും നിയന്ത്രണവും അടിച്ചേൽപിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.