അസൗകര്യങ്ങൾക്ക് നടുവിൽ ഡ്രൈവിങ് ടെസ്റ്റ്; കൈയൊഴിഞ്ഞ് അധികൃതർ
text_fieldsകുമളി: പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടിക്കാനത്തിന് സമീപത്തെ പാറമടയിൽ ടെസ്റ്റിനെത്തുന്ന അപേക്ഷകരെ കാത്തിരിക്കുന്നത് ദുരിതം. അസൗകര്യങ്ങൾക്ക് നടുവിലാണ് ഇവിടെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. അടിസ്ഥാന സൗകര്യം ഒന്നും ഇവിടെ ലഭ്യമല്ല.
ആഴ്ചയിൽ രണ്ടുദിവസമാണ് ഇവിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. ഇരുചക്ര, നാലുചക്ര വാഹനങ്ങളിലെ പരിശീലനം പൂർത്തിയാക്കി ഓരോ ആഴ്ചയിലും 200ഓളം അപേക്ഷകരാണ് ടെസ്റ്റിനെത്തുന്നത്. രാവിലെ 8.30ന് ആരംഭിക്കുന്ന ടെസ്റ്റ് ഉച്ചക്ക് രണ്ടുവരെ നീളും. ഈ സമയം മുഴുവൻ ഇരിക്കാനുള്ള സൗകര്യമോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത അവസ്ഥയാണ്.
വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എം.എൽ.എ ഇ.എസ്. ബിജിമോളാണ് 1.80 ലക്ഷം ചിലവിൽ പാറമടയുടെ പ്രവേശന കവാടത്തിൽ ഗേറ്റ് നിർമിച്ചത്. ഇതിനുശേഷം മറ്റൊരു വികസന പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
ഡ്രൈവിങ് ടെസ്റ്റ് ദിനത്തിലെത്തുന്ന നിരവധി സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ മഴയിലും വെയിലിലും നിന്നുവേണം ടെസ്റ്റ് പൂർത്തിയാക്കാൻ. ശൗചാലയവും കുടിവെള്ളവുമില്ലാത്തതുമൂലം അപേക്ഷകർക്കൊപ്പം ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാകുന്നു.
പാറമട ഭൂമി റവന്യൂ വകുപ്പിന്റെ കൈവശമായതിനാൽ ഇവിടെ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്താണ് അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതെന്ന് വാഴൂർ സോമൻ എം.എൽ.എ വ്യക്തമാക്കുമ്പോൾ സർക്കാറിന് ഫീസ് നൽകി ടെസ്റ്റിനെത്തുന്ന അപേക്ഷകരുടെ ദുരിതം പരിഹാരമില്ലാതെ നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.