ലഹരി കടത്ത്; പൊലീസ് കളത്തിലിറങ്ങി; പിടിയിലായത് മുൻ എ.എസ്.ഐയും കോടതി ജീവനക്കാരനും
text_fieldsകുമളി: സംസ്ഥാന അതിർത്തിയായ കുമളി വഴി വൻതോതിൽ ലഹരി ഒഴുകുന്നതായ ‘മാധ്യമം’ വാർത്തയെ തുടർന്ന് കളത്തിലിറങ്ങിയ പൊലീസ് ആദ്യം പൊക്കിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനെ. ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 15 ലിറ്റർ കോടയും ഇതിനുള്ള ഉപകരണങ്ങളുമാണ് പിടികൂടിയത്.
ലഹരി കടത്ത് സജീവമാണെന്ന വാർത്ത ശ്രദ്ധയിൽപെട്ടതോടെ ജില്ല പൊലീസ് ചീഫിന്റെ നിർദേശപ്രകാരം എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് (പ്രത്യേക സ്ക്വാഡ്) അംഗങ്ങളാണ് കോടയുമായി എ.എസ്.ഐയെ പിടികൂടിയത്. നിരീക്ഷണം കടുപ്പിച്ചതോടെയാണ് കോടതി ജീവനക്കാരനെയും സുഹൃത്തിനെയും 60 ഗ്രാം എം.ഡി.എം.എയുമായി രാത്രിയിൽ പിടികൂടിയത്. കുമളി-മൂന്നാർ റോഡിൽ പ്രത്യേക പൊലീസ് സംഘം കാത്തുനിൽക്കുമ്പോഴാണ് മയക്കുമരുന്നുമായി ഇരുവരും എത്തിയത്. മാസങ്ങളായി വൻതോതിൽ ഇവർ മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബംഗളൂരുവിൽനിന്ന് തൃശൂരിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് എം.ഡി.എം.എയുടെ ‘ഹൈറേഞ്ച്’ വിതരണമെന്നാണ് വിവരം. കുമളിയിലും പരിസരങ്ങളിലും വ്യാപകമായി കഞ്ചാവ്, മറ്റ് ലഹരി മരുന്നുകൾ എന്നിവ എത്തിച്ച് വിതരണം നടത്തുന്ന യുവാക്കളുടെ സംഘം സജീവമാണെന്നും ഇവർക്ക് ചില കേന്ദ്രങ്ങളിൽനിന്നും പിന്തുണ ലഭിക്കുന്നതായും പൊലീസ് സ്പെഷൽ ബ്രാഞ്ചിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
തേക്കടി, ആനവച്ചാൽ, ഒട്ടകത്തലമേട്, അട്ടപ്പള്ളം, റോസാപ്പൂക്കണ്ടം, ചെങ്കര മേഖലകളിലെല്ലാം അനധികൃത മദ്യവിൽപന, കഞ്ചാവ്, ലഹരിമരുന്ന് വിൽക്കുന്നവർ സജീവമാണ്. പ്രദേശികമായി ഇവർക്ക് ചിലർ വിവരങ്ങൾ നൽകുന്നതിനാൽ ഇവരെ പിടികൂടാൻ സ്ക്വാഡിനും കഴിയാറില്ല. അതിർത്തിയിൽ എക്സൈസ് ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് പൊലീസും വാഹന പരിശോധനയുമായി ഇപ്പോൾ രംഗത്തുണ്ട്.
മുങ്ങിക്കളിച്ച് എക്സൈസ്
കുമളി: ലഹരി കടത്തും വ്യാപനവും തടയാൻ നിയോഗിക്കപ്പെട്ട എക്സൈസ് വകുപ്പ്, കുമളിയിലും ഹൈറേഞ്ചിന്റെ പല ഭാഗത്തും ലഹരി നിറയുമ്പോഴും കാഴ്ചക്കാരാകുന്നതായി ആരോപണം.
കുമളിയിലെ, സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റിലൂടെയാണ്, അടുത്തിടെ പൊലീസ് പിടികൂടിയ 25 കിലോയോളം കഞ്ചാവ് കടന്നുപോയതെന്നത് എക്സൈസ് പരിശോധന കാര്യക്ഷമമല്ലന്ന് തെളിയിക്കുന്നു.
വിജിലൻസ് പരിശോധനയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽനിന്ന് കണക്കിൽപെടാത്ത പണം കണ്ടെത്തിയതും വഴിവിട്ട ഇടപാടുകൾക്ക് തെളിവായി. മയക്കുമരുന്നുമായി പിടികൂടുന്ന പ്രതികളുമായി വഴിവിട്ട ഇടപാടുകൾ നടത്തി അറസ്റ്റിലായവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തറിയിക്കാതെ മുക്കുന്ന ഉദ്യോഗസ്ഥരും സജീവമാണ്.
കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി അഞ്ചുപേരെ പുലർച്ച രണ്ടിന് പിടികൂടിയെങ്കിലും വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെടലുകൾ നടത്തിയതായാണ് വിവരം. പിടികൂടിയവരെ പിന്നീട് കോടതിയിൽ ഹാജരാക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനും പീരുമേട്ടിലെ എക്സൈസ് ഉദ്യോഗസ്ഥർ ‘ജാഗ്രത’ കാട്ടി. തമിഴ്നാട്ടിൽനിന്ന് വരുന്ന ചരക്കു ലോറികളിൽ വരെ പരിവുവാങ്ങി പരിശോധന കൂടാതെ കടത്തിവിടുകയാണ് ഇവരുടെ പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.