ലഹരി മൂത്താൽ പൊലീസിനും കിട്ടും തല്ല്...
text_fieldsകുമളി: ഒരുവശത്ത് മദ്യപരുടെ വിളയാട്ടം. മറുവശത്ത് കഞ്ചാവ് മാഫിയ. അതിർത്തി കടന്നുവരുന്ന മയക്കുമരുന്ന് സംഘങ്ങൾ. ഇവരെല്ലാം കൂടി സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്കിടയിൽ കുമളിക്കാരുടെ സ്വൈരജീവിതം വെല്ലുവിളിയായി തീർന്നിരിക്കുന്നു. നാട്ടുകാരെ കാത്തുരക്ഷിക്കേണ്ട പൊലീസിനുപോലും ലഹരി മൂത്ത് താണ്ഡവമാടുന്ന അക്രമികളിൽ രക്ഷയില്ല എന്ന അവസ്ഥയിലാണ്. ഒരു നിയന്ത്രണവുമില്ലാതെ അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നുകളാണ് കുമളിക്കാർക്ക് ഏറ്റവും ഭീഷണിയായിരിക്കുന്നത്. ലഹരിക്കടിപ്പെടുന്ന യുവാക്കളുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നതാണ്. നാട്ടുകാർ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം, വട്ടക്കണ്ടം, താമരക്കണ്ടം, വലിയകണ്ടം, കുഴിക്കണ്ടം പ്രദേശങ്ങളിലെല്ലാം സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്. കുഴിക്കണ്ടം ഭാഗത്തെ കലുങ്ക് കേന്ദ്രീകരിച്ച് രാത്രി മദ്യപസംഘം താവളമടിക്കുന്നത് അടിക്കടി പ്രശ്നങ്ങളുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പറഞ്ഞുവിടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മക്കു നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവുമുണ്ടായി.
റോസാപ്പൂക്കണ്ടത്തെ വനാതിർത്തികളും ചില കൃഷിയിടങ്ങളും കേന്ദ്രീകരിച്ചാണ് മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം ഈ സംഘത്തിനിടയിൽപെട്ട കുമളിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ലഹരിയിലായിരുന്ന യുവാവ് കൈയേറ്റം ചെയ്തത് പൊലീസ് സേനക്കുള്ളിൽ തന്നെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഒളിവിൽ പോയ പ്രതി പൊലീസിന് പിടികൊടുക്കാതെ കോടതിയിൽ ഹാജരായി ജാമ്യം എടുത്തതോടെ പൊലീസും വെട്ടിലായി. ജനവാസ കേന്ദ്രങ്ങൾക്കൊപ്പം വിനോദ സഞ്ചാര മേഖലയായ ഒട്ടകത്തലമേട്, ആനവച്ചാൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വ്യാപാരവും വിപണനവും തകൃതിയാണ്. ടൗണിലെ എക്സൈസ് ചെക്ക്പോസ്റ്റുവഴി കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവ് ദിവസങ്ങൾക്കു മുമ്പ് പൊലീസ് പിടികൂടിയെങ്കിലും തുടരന്വേഷണം നിലച്ച മട്ടാണ്. നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുന്ന മയക്കുമരുന്ന്, ലഹരി സംഘങ്ങൾക്കു പിന്നിൽ വൻകിടക്കാരും ഭരണത്തിലെ ചിലരുടെ പിന്തുണയും ഉള്ളതാണ് നടപടി എടുക്കാൻ അധികൃതർക്ക് തടസ്സമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ
കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ(29,) അണക്കര ചക്കുപള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ചേറ്റുകുഴി ശങ്കരൻകാനം പെട്രോൾ പമ്പിന് സമീപം വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തമിഴ്നാട്ടിലെ കമ്പത്തു നിന്ന് കടത്തിക്കൊണ്ടുവരുകയായിരുന്നു. വണ്ടന്മേട് എസ്.ഐ എബി പി. മാത്യു ഡാൻസാഫ് ടീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.