മംഗളാദേവിയിൽ ഉത്സവം നാളെ; യാത്രനിരക്കുകൾ നിശ്ചയിച്ചു
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവം ശനിയാഴ്ച നടക്കും. വർഷത്തിൽ ഒരുദിവസം മാത്രം നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ കേരള- തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
കടുവ സങ്കേതത്തിെൻറ അതിർത്തിയിൽനിന്ന് 13 കി.മീ. ഉള്ളിലാണ് മംഗളാദേവി മലമുകളിലെ കണ്ണകി ക്ഷേത്രം. മോട്ടോർ വാഹന വകുപ്പിെൻറ അനുമതി ലഭിച്ച വാഹനങ്ങൾക്ക് മാത്രമാണ് കുമളിയിൽനിന്ന് മംഗളാദേവിയിലേക്ക് പോകാൻ അനുമതിയുള്ളത്.
ആളൊന്നിന് 140 രൂപയും ടാക്സിക്ക് ഒരുഭാഗത്തേക്ക് 1800, ഇരുഭാഗത്തേക്കുമായി 3000 എന്നിങ്ങനെയുമാണ് നിരക്ക്. മംഗളാദേവിയിലേക്ക് രാവിലെ ആറുമുതൽ ഒമ്പതുവരെ മാത്രമേ ടാക്സിയായി പോകാൻ വാഹനങ്ങൾക്ക് അനുമതിയുള്ളൂ. ഉച്ചക്ക് രണ്ടുവരെ മാത്രമേ ക്ഷേത്രത്തിലേക്ക് പോകാൻ നാട്ടുകാരെയും അനുവദിക്കൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കടുവ സങ്കേതത്തിനുള്ളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെത്താനും കാടിെൻറ ഭംഗി ആസ്വദിക്കാനുമായി ജാതിമത ഭേദമേന്യേയാണ് ജനങ്ങൾ എത്തുക. കുമളിയിൽനിന്ന് ജീപ്പ് മാർഗം അല്ലാതെ സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് ലോവർ ക്യാമ്പ് പളിയൻകുടി വഴി കാടിനുള്ളിലൂടെ ആറ് കി.മീ. നടന്നും മംഗളാദേവിയിലെത്താം.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കിയും വഴികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇരുസംസ്ഥാനങ്ങളും സംയുക്തമായാണ് ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നത്.
ഒരുക്കം വിലയിരുത്താൻ കഴിഞ്ഞ ദിവസം ഇടുക്കി ആർ.ഡി.ഒ ഷാജി, ഉത്തമപാളയം ആർ.ഡി.ഒ കൗസല്യ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം മംഗളാദേവി സന്ദർശിച്ചു. കാനനപാതയിൽ വിവിധ സ്ഥലങ്ങളിലായി നടന്നെത്തുന്നവർക്കും മറ്റുള്ളവർക്കും കുടിക്കുന്നതിന് ഒന്നര ലക്ഷം ലിറ്റർ വെള്ളം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും വേനൽമഴ അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.