കൂടുതൽ വളരണം കുമളി കുടുംബാരോഗ്യകേന്ദ്രം
text_fieldsകുമളി: ഹൈറേഞ്ചിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യത്തിെൻറ അഭാവത്തിൽ ഏറെ ദുരിതം പേറേണ്ടിവന്ന മേഖലയാണ് കുമളിയും സമീപ പ്രദേശങ്ങളും. രാജ്യത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം, ശബരിമല തീർഥാടകർ മരിച്ച പുല്ലുമേട് ദുരന്തം എന്നിവ സംഭവിച്ചപ്പോൾ ചികിത്സ പരിമിതികൾ മൂലം മരണസംഖ്യ വർധിച്ചത് ഉദാഹരണം. ഒറ്റപ്പെട്ട മറ്റ് സംഭവങ്ങൾ നിരവധി.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടി, കേരള -തമിഴ്നാട് സംസ്ഥാന അതിർത്തി പട്ടണം, പെരിയാർ വന്യജീവി സങ്കേതവും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങളുടെ കോളനികളും കാർഷിക- സുഗന്ധവ്യഞ്ജന, വ്യാപാര മേഖല എന്നിങ്ങനെ നീളുന്നു കുമളിയുടെ പ്രത്യേകതകൾ.
ഡോക്ടറും ആവശ്യത്തിന് മരുന്നുമില്ലാതെ മുടന്തിനീങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രം കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതോടെ മരുന്നും ഡോക്ടറും എത്തിയെങ്കിലും കെട്ടിട സൗകര്യം ഇല്ലാത്തത് രോഗികളെ പ്രയാസത്തിലാക്കി.
കോവിഡ് വ്യാപനഘട്ടത്തിൽ ആൻറിജൻ പരിശോധനക്ക് വന്നവരും ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സതേടി എത്തിയവരുമെല്ലാം കൂടിക്കലർന്ന് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയത് വലിയ തിരിച്ചടിയായി. ആവശ്യത്തിന് ഡോക്ടറും മരുന്നും ജീവനക്കാരും എല്ലാം ഉണ്ടായിട്ടും ക്രമീകരണങ്ങളിലെ പിഴവും ആശുപത്രി എന്ന നിലയിലെ അച്ചടക്കമില്ലായ്മയും ഇപ്പോഴും തുടരുന്ന വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു.
കുമളി, ചക്കുപ്പള്ളം പഞ്ചായത്തുകളിലെ നാട്ടുകാർ മെച്ചപ്പെട്ട ചികിത്സക്കായി ഇപ്പോഴും 100 കിലോമീറ്റർ അകലെ കോട്ടയം, ഇടുക്കി, തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജുകളെയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം. ഹൃദ്രോഗ ചികിത്സക്ക് സൗകര്യമില്ലാത്തതാണ് ഹൈറേഞ്ചിലെ പല മരണങ്ങൾക്കും കാരണം. കുടുംബാരോഗ്യ കേന്ദ്രത്തെ ജനറൽ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുകയും കാർഡിയോളജി വിഭാഗം അനുവദിക്കുകയും വേണമെന്നതാണ് പ്രധാന ആവശ്യം.
പുതിയ കെട്ടിടം വരുന്നതോടെ സൗകര്യം വർധിക്കും
കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചതിനെ തുടർന്ന് 1.22 ഏക്കർ വിസ്തൃതിയുള്ള ആശുപത്രിയുടെ സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ മുൻ എം.എൽ.എ.ഇ എസ്. ബിജിമോൾ ഇടപെട്ട് 4.5 കോടി അനുവദിച്ചിരുന്നു. 2.5 കോടി കെട്ടിടം നിർമിക്കാനും രണ്ടുകോടി ഉപകരണങ്ങൾ വാങ്ങാനുമാണ്. ഡോക്ടർമാർ ഉൾെപ്പടെ ജീവനക്കാർക്ക് താമസിക്കാനും മറ്റ് സൗകര്യം ഒരുക്കാനും ബഹുനില മന്ദിര നിർമാണത്തിന് അഞ്ചുകോടിയും ബജറ്റ് വിഹിതമായി കഴിഞ്ഞ സർക്കാർ അനുവദിച്ചു.
പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്നതോടെ പ്രസവവാർഡ്, സ്കാനിങ് സെൻറർ, മിനി ഓപറേഷൻ തിയറ്റർ, തുടങ്ങിയ സൗകര്യം ഒരുക്കാൻ കഴിയും. ദിവസവും 400-500 പേരാണ് ഒ.പിയിൽ ചികിത്സതേടി എത്തുന്നത്. 40പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. വികസ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഇത് ഇരട്ടിയാക്കാനാകും. ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ്, ഐ.സി.യു സംവിധാനം തുടങ്ങിയ ആവശ്യങ്ങളും നിലനിൽക്കുന്നു. ബജറ്റിൽ തുക അനുവദിച്ചിട്ടും നിർമാണ ജോലികൾ തുടങ്ങാതിരുന്നതിന് പിന്നിൽ പഴയ കെട്ടിടം പൊളിച്ചുനീക്കാൻ വൈകിയതും രാഷ്ട്രീയ ചേരിപ്പോരുമാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത്, സർക്കാർ ഭരണസംവിധാനങ്ങളിൽ മാറ്റംവന്നതോടെ ആശുപത്രി വികസനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.