തേനിയിൽ മഴ ശക്തം: അണക്കെട്ടുകൾ തുറന്നു
text_fieldsകുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ മഴ ശക്തമായതോടെ നിറഞ്ഞുതുടങ്ങിയ അണക്കെട്ടുകൾ ജലനിരപ്പ് താഴ്ത്താനായി തുറന്നു. ജില്ലയിൽ കഴിഞ്ഞദിവസം 320.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മഞ്ഞളാർ, വൈഗ അണക്കെട്ടുകളാണ് തുറന്നത്.
മുല്ലപ്പെരിയാറിൽനിന്നുള്ള ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ നിലവിൽ 67.78 അടിയാണ് ജലനിരപ്പ്. 71 അടിയാണ് സംഭരണശേഷി.
അണക്കെട്ടിൽനിന്ന് മധുരയിലേക്ക് സെക്കൻഡിൽ 969 ഘന അടി ജലമാണ് തുറന്നു വിട്ടത്. മഴയെത്തുടർന്ന് വൈഗയിലേക്ക് സെക്കൻഡിൽ 935 ഘന അടി ജലം ഒഴുകിയെത്തുന്നുണ്ട്. മുല്ലപ്പെരിയാറിൽ 131 അടി ജലമാണുള്ളത്. ഇവിടേക്ക് സെക്കൻഡിൽ 2534 ഘന അടി ജലം ഒഴുകിയെത്തുമ്പോൾ 900 ഘന അടി ജലമാണ് തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. മഴയെത്തുടർന്ന് നിറഞ്ഞ പെരിയകുളത്തിന് സമീപത്തെ മഞ്ഞളാർ ഡാമിൽനിന്ന് 800 ഘന അടി ജലമാണ് തുറന്നുവിട്ടത്. 57 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 55 അടി ജലമാണ് ഇപ്പോഴുള്ളത്. ജില്ലയിലെ ചോത്തുപാറ അണക്കെട്ടിൽ 100.50 അടി ജലം ഉണ്ട്. 126.28 അടിയാണ് സംഭരണശേഷി. 52.55 അടി ശേഷിയുള്ള ഷൺമുഖാനദി അണക്കെട്ടിൽ നിലവിൽ 42.50 അടി ജലമാണുള്ളത്.
തേനി ജില്ലയിലെ അണക്കെട്ടുകൾ നിറഞ്ഞത് മധുര, ദിണ്ടുഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ കൃഷി, കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.