റേഞ്ച് ഓഫിസർക്ക് കോടികളുടെ അനധികൃത സമ്പാദ്യം; റിസോർട്ടിലും വീട്ടിലും റെയ്ഡ്
text_fieldsകുമളി: അടിമാലി മരംമുറിക്കേസിൽ സസ്പെൻഷനിലായ റേഞ്ച് ഓഫിസർക്ക് കോടികളുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെത്തി. ഇതേതുടർന്ന്, പ്രാഥമികമായി കേസെടുത്ത അന്വേഷണസംഘം, റേഞ്ച് ഓഫിസറുടെ തേക്കടി റിസോർട്ടിൽനിന്നും വീട്ടിൽനിന്നും നിരവധി രേഖകൾ പിടിച്ചെടുത്തു.
അടിമാലി മുൻ റേഞ്ച് ഓഫിസറായിരുന്ന ജോജി ജോണിന്റെ തേക്കടി ജംഗിൾ പാർക്ക് റിസോർട്ടിലും വീട്ടിലുമാണ് പരിശോധന നടന്നത്. ജോജി ജോൺ വരുമാനത്തിന്റെ 384 ഇരട്ടി സ്വത്ത് സമ്പാദിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വത്ത് സംബന്ധിച്ച 64 രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷിക്കുന്ന വിജിലൻസ് പ്രത്യേക സെല്ലിലെ എറണാകുളം യൂനിറ്റിൽനിന്നുള്ള 25 അംഗ സംഘമാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ടുവരെ പരിശോധന നടത്തിയത്.
ജോജി ജോൺ അടിമാലി റേഞ്ച് ഓഫിസർ ആയിരിക്കെ, അടിമാലിയിലും അധികച്ചുമതലയുണ്ടായിരുന്ന നേര്യമംഗലം റേഞ്ചിലും മരങ്ങൾ മുറിക്കാൻ അനധികൃതമായി പാസ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽനിന്ന് തടികൾ വെട്ടിക്കടത്തുകയും ഇവയിൽ ചിലത് ജോജിയുടെ തേക്കടിയിലെ കെട്ടിടത്തിൽനിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുക്കുകയും ചെയ്തു. ഇതേതുടർന്നാണ് വനം വകുപ്പ് ജോജിയെ സസ്പെൻഡ് ചെയ്തത്.
അഴിമതി നടത്തിയും കൈക്കൂലിയായും ലഭിച്ച തുകകൾ ഉപയോഗിച്ചാണ് ഏഴുകോടിയിലധികം മതിക്കുന്ന റിസോർട്ട് നിർമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇവിടെ ഉപയോഗിക്കുന്ന തടി ഫർണിച്ചർ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുമ്പ്, പെരിയാർ കടുവ സങ്കേതത്തിൽ ജോലി ചെയ്യവേ ചന്ദനമരക്കുറ്റികൾ മോഷ്ടിക്കപ്പെട്ട സംഭവത്തിലും വനം വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. വിജിലൻസ് എസ്.പി കെ.കെ. മൊയ്തീൻകുട്ടിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ടി.യു. സജീവൻ, ഇൻസ്പെക്ടർ എസ്.എൽ. അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ റെജി പി.പി, സുധീഷ് കെ.എസ്, സതീശൻ വി.എൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ചാൾസ്, ഷാജിമോൻ, ജോഷി, ഷിഹാബ്, കൃഷ്ണകുമാർ, സുമേഷ്, ബിജു, ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.