തേക്കടിയിൽ വെള്ളം ഉണ്ടായിട്ടെന്താ, നാട്ടുകാർക്ക് കുടിക്കാൻ തുള്ളിവെള്ളമില്ല
text_fieldsകുമളി: കൊടുംവേനൽ ചൂടിൽ നാട്ടുകാർ തുള്ളി വെള്ളത്തിനായി നെട്ടോട്ടം ഓടുന്നതിനിടെ ടൗണിലെ സെൻട്രൽ ജങ്ഷനിൽ റോഡിനിടയിലെ പൈപ്പ് പൊട്ടി ജലം പാഴായി ഒഴുകി നഷ്ടപ്പെടുന്നു. ഈ ഭാഗത്ത് സ്ഥാപിച്ച പൈപ്പുകൾ സുരക്ഷിതമായ ആഴത്തിൽ താഴ്ത്തിയിടാത്തതുമൂലമാണ് പൈപ്പ് തകർന്നത്.
ഇതോടൊപ്പം പെട്രോൾ പമ്പിന് സമീപവും മുസ്ലിം പള്ളിക്ക് മുൻവശത്തും പൈപ്പ് പൊട്ടിവെള്ളം പാഴാകുന്നത് പതിവ് കാഴ്ചയാണ്. പൈപ്പുകളുടെ അറ്റകുറ്റപ്പണികളുടെ പേരിൽ കരാറുകാരും ജലസേചന വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായി വർഷങ്ങളായി തുടരുന്ന ‘വീതം വെപ്പാണ്’ വെള്ളം ചോരുന്നതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ, കുമളി, അമരാവതി കുരിശുമല ഭാഗത്തേക്ക് കുടിവെള്ളം എത്തിയിട്ട് ഒരു മാസത്തിലധികമായെന്ന് നാട്ടുകാർ പറയുന്നു. കുമളി ടൗണിലും പരിസരത്തുമുള്ള മിക്ക ജനവാസ കേന്ദ്രങ്ങളിലേക്കും കുടിവെള്ളം ലഭിക്കുന്നില്ലന്ന പരാതി ശക്തമാണ്. ഓരോ മേഖലയിലേക്കും ജലം തുറന്നുവിടുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കാത്തതിനാൽ പലഭാഗത്തേക്കും എത്തുന്ന ജലം പാഴായിപ്പോകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
കൂലി തൊഴിലാളികളായവർ ജോലിക്ക് പോയ ശേഷമാണ് പല സ്ഥലത്തും കുടിവെള്ളം എത്തുന്നത്. ഇത് സംഭരിക്കാനാകാതെയാണ് ജലം നഷ്ടപ്പെടുന്നത്. തേക്കടി തടാകത്തിൽ ആവശ്യത്തിന് ജലം ഉണ്ടായിട്ടും ഇത് കൃത്യമായി സംഭരിച്ച് വിതരണം നടത്താൻ ജലസേചന വകുപ്പിന് കഴിയുന്നില്ല. ജലവിഭവമന്ത്രി ഇടുക്കി ജില്ലയിൽനിന്നായിട്ടും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കുടിവെള്ളം കിട്ടാതായതോടെ അമരാവതി കോളനിയിലെ 30ഓളം കുടുംബങ്ങൾ തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉച്ചവരെ പ്രതിഷേധക്കാരെ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും നാട്ടുകാർ പറയുന്നു. ഇതിനിടെ, കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ വാഹനങ്ങളിൽ വെള്ളം എത്തിച്ച് വിൽക്കുന്നവർക്ക് ചാകരയായി. ജലസേചന, പഞ്ചായത്ത് അധികൃതർ തുടരുന്ന അനാസ്ഥ ഫലത്തിൽ നേട്ടമായിരിക്കുന്നത് സ്വകാര്യ വെള്ളം കച്ചവടക്കാർക്കാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.