മുല്ലപ്പെരിയാറിൽ കേരളത്തിെൻറ കള്ളക്കളി; ഉദ്യോഗസ്ഥർ പോകാതെ തമിഴ്നാടിന് ഒത്താശ
text_fieldsകുമളി: അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജനങ്ങൾ ഭീതിയിൽ കഴിയുമ്പോൾ തമിഴ്നാടിന് ഒത്താശ ചെയ്ത് കേരള ഉദ്യോഗസ്ഥരുടെ പിൻമാറ്റം. കഴിഞ്ഞ ഒക്ടോബറിൽ ജലവിഭവമന്ത്രി അണക്കെട്ട് സന്ദർശിച്ച ശേഷം കേരളത്തിൽനിന്നുള്ള എൻജിനീയർമാർ ആരും അണക്കെട്ടിലെത്തിയിട്ടില്ല.
കുമളിയിലും തേക്കടിയിലും മുല്ലപ്പെരിയാർ അണക്കെട്ട് നിരീക്ഷണത്തിന് ഓഫിസും അണക്കെട്ടിൽ പോകാൻ വനം വകുപ്പിെൻറ ബോട്ടും ഉണ്ടായിട്ടും ഉയർന്ന ഉദ്യോഗസ്ഥരാരും അണക്കെട്ടിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുന്നത് തമിഴ്നാടുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയമുയരുന്നു.
അണക്കെട്ടിൽ 138.75 അടി ജലനിരപ്പ് ഉള്ളപ്പോഴാണ് ജലവിഭവ മന്ത്രി കഴിഞ്ഞ ഒക്ടോബർ 10ന് അണക്കെട്ട് സന്ദർശിച്ചത്. പിന്നീട് ജലനിരപ്പ് 142ലേക്ക് ഉയരുകയും പലതവണ രാത്രിയും പുലർച്ചയും ഷട്ടർ തുറന്ന് ജലം ഇടുക്കിയിലേക്ക് ഒഴുക്കിയപ്പോഴും കേരളത്തിെൻറ ഒറ്റ എൻജിനീയർപോലും അണക്കെട്ടിലില്ലായിരുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ജലനിരപ്പ് 142ന് മുകളിലെത്തിയ 30ന് ചൊവ്വാഴ്ച അണക്കെട്ടിലുണ്ടായിരുന്നത് ഒരു ഓവർസിയറും ക്ലാസ് ഫോർ ജീവനക്കാരനും മാത്രം. തമിഴ്നാട് എക്സി. എൻജിനീയർ ഉൾെപ്പടെ ഉയർന്ന ഉദ്യോഗസ്ഥർ മാസങ്ങളായി അണക്കെട്ടിൽ തുടരുമ്പോഴാണ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ പിൻമാറ്റം.
സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച സാങ്കേതിക കാര്യങ്ങളോ ജലത്തിെൻറ അളവോ മറ്റു വിവരങ്ങളോ സംബന്ധിച്ച് കാര്യമായ അറിവില്ലാത്ത ജൂനിയർ ജീവനക്കാരെ അണക്കെട്ടിലേക്ക് അയച്ചശേഷം കുമളിയിലുള്ള അസി.എക്സി. എൻജിനീയർ ഉൾെപ്പടെ ഉദ്യോഗസ്ഥർ അണക്കെട്ടിൽ പോകാതെ ഒഴിഞ്ഞുനിൽക്കുകയാണ്. മാധ്യമങ്ങൾക്ക് അണക്കെട്ടിലെ വിവരങ്ങൾ നൽകരുതെന്ന് കർശന നിർദേശവും ഉയർന്ന ഉദ്യോഗസ്ഥർ നൽകി. ഇതെല്ലാം നിയന്ത്രണമില്ലാതെ ഷട്ടർ തുറക്കാനും ജലം ഒഴുക്കാനും തമിഴ്നാടിന് സഹായകമായി.
അണക്കെട്ടിലെ ജലനിരപ്പ്, പുറത്തേക്ക് ഒഴുക്കുന്ന ജലത്തിെൻറ അളവ് ഇക്കാര്യങ്ങളെല്ലാം തമിഴ്നാട് ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് വാങ്ങി കേരളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകുകയെന്ന ചുമതല മാത്രമാണ് ദിവസങ്ങളായി അണക്കെട്ടിലേക്ക് പോകുന്ന ജലവിഭവ വകുപ്പ് ജീവനക്കാർക്കുള്ളത്. അണക്കെട്ടിൽ തമിഴ്നാടിന് പൂർണ സ്വാതന്ത്ര്യം അനുവദിച്ചു നൽകി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടതോടെയാണ് നിയന്ത്രണമില്ലാതെ ജലനിരപ്പ് ഉയർത്തി കേരളത്തെ മുൾമുനയിൽ നിർത്താൻ തമിഴ്നാടിനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.