മുല്ലപ്പെരിയാർ പ്രശ്നം: കേരള അതിർത്തി ഉപരോധിച്ച് തമിഴ് കർഷക സംഘം
text_fieldsകുമളി: മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരള അതിർത്തി ഉപരോധിക്കാനെത്തിയ കർഷക സംഘം പ്രവർത്തകരെ ലോവർ ക്യാമ്പിൽ പൊലീസ് തടഞ്ഞു. തേനി ജില്ലയിലെ അഞ്ച് ജില്ലാ കർഷക സംഘത്തിന്‍റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച കുമളിയിലെ സംസ്ഥാന അതിർത്തിയിൽ റോഡ് ഉപരോധത്തിനായി ശ്രമം നടന്നത്.
സമരക്കാരെ കുമളിയിൽനിന്നും ആറ് കിലോമീറ്റർ അകലെ ലോവർ ക്യാമ്പിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. ഇതിനെ തുടർന്ന് ഏറെ നേരം സമരക്കാരും പൊലീസുമായി വാക്കേറ്റം ഉണ്ടായി. പിന്നീട്, മുല്ലപ്പെരിയാർ ശില്പിയുടെ സ്മാരകത്തിനു സമീപം ധർണ്ണ നടത്താൻ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു.
മുല്ലപ്പെരിയാറിൽനിന്നും ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടതിനെതിരെയും പുതിയ ഡാം നിർമിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിയന്ത്രണം തേനി കലക്ടറെ ഏൽപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ഐക്യകർഷക സംഘം നേതാക്കളായ എസ്.ആർ. തേവർ, അൻവർ ബാലശിങ്കം എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ഗൂഡല്ലൂർ ഇൻസ്പെക്ടർ മുത്തുമണി, തഹസിൽദാർ അർജുൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സമരക്കാരെ തടയാൻ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.