മുല്ലപ്പെരിയാർ ജലനിരപ്പ് 136.6 വെള്ളം വൈഗ ഡാമിൽ നിറച്ച് തമിഴ്നാട്
text_fieldsകുമളി: കേരളത്തിെൻറ ആശങ്ക വർധിപ്പിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.6 അടിയിലേക്ക് ഉയർന്നു. ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിെൻറ നിരന്തര ആവശ്യത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടിട്ടുണ്ട്. ഈ ജലം തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ് സംഭരിക്കുക. മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടി ജലം സംഭരിക്കാനാണ് സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ പരമാവധി ജലം അണക്കെട്ടിൽ സംഭരിക്കാനും ഇടുക്കിയിലേക്ക് ജലം ഒഴുക്കാതിരിക്കാനുമാണ് തമിഴ്നാട് ശ്രമം. ഇതിെൻറ ഭാഗമായി തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ ജലം സംഭരിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ നീരൊഴുക്കാണ് കഴിഞ്ഞ നാലിനുണ്ടായത്. സെക്കൻഡിൽ 17,746 ഘന അടി ജലമാണ് അന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇത് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ ഉയരാനിടയാക്കി.
എന്നാൽ, മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്ക് സെക്കൻഡിൽ 4825 ഘന അടിയായി കുറഞ്ഞു. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2100 ഘന അടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. ഇതിൽ 1759 ഘന അടി ജലം ഒഴുകിയെത്തുന്നത് വൈഗ ഡാമിലാണ്. 71 അടി ശേഷിയുള്ള വൈഗ അണക്കെട്ടിൽ നിലവിൽ 38.98 അടി ജലമാണുള്ളത്. വൈഗ നിറയുന്നതോടെ ജലം മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളിലേക്ക് തുറന്നുവിടും.
കഴിഞ്ഞ പ്രളയഘട്ടത്തിൽ കേരളത്തിനൊപ്പം തമിഴ്നാട്ടിലും വ്യാപക മഴ ലഭിച്ചിരുന്നു. ഇത് മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം തുറന്നുവിടാൻ തമിഴ്നാടിന് തടസ്സമായി. ഇപ്രാവശ്യം മഴ തേനി ജില്ലയിൽ മാത്രം ഒതുങ്ങിയതോടെ കൃഷി, കുടിവെള്ള ആവശ്യത്തിന് കൂടുതൽ ജലം മുല്ലപ്പെരിയാറിൽ നിന്ന് ആവശ്യമാണ്. തേനി ജില്ലയിലെ വിവിധ ഡാമുകളായ സോത്തുപ്പാറയിൽ 126.28 ആണ് സംഭരണശേഷി ഇവിടെ 78.39 അടിയും മഞ്ഞളാറിൽ 57ൽ 35.80 അടിയും ഷൺമുഖ നദിയിൽ 52.55ൽ 26.25 അടി ജലവുമാണുള്ളത്. ഇതാണ് ജലം ഇടുക്കിയിലേക്ക് തുറന്നുവിടാതിരിക്കാൻ തമിഴ്നാടിനെ പ്രേരിപ്പിക്കുന്നത്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശമായ തേക്കടിയിൽ ഒമ്പതും പെരിയാർ വനമേഖലയിൽ 19 മില്ലിമീറ്റർ മാത്രമാണ് മഴ പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.