ദേശീയപാത കുമളി പട്ടണത്തെ വിഴുങ്ങുമോ? ആശങ്കയിൽ വ്യാപാരികൾ
text_fieldsകുമളി: കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയുടെ നവീകരണ ജോലി ആരംഭിക്കാനിരിക്കെ ഹൈറേഞ്ചിലെ പ്രധാന പട്ടണമായ കുമളിയിൽ ആശങ്ക ശക്തമാകുന്നു. ദേശീയപാത നാലുവരിയായി വീതികൂട്ടുന്നതിന്റെ ഭാഗമായി കുമളിയിൽ ബൈപാസ് നിർമിക്കാൻ നടപടി സ്വീകരിക്കാതിരുന്നതാണ് ടൗണിലെ കെട്ടിട ഉടമകളെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നത്.
നിലവിലെ റോഡ് വീതികൂട്ടുന്നതോടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ ഭാഗികമായോ പൂർണമായോ പൊളിച്ചുനീക്കേണ്ട സ്ഥിതിയാണുള്ളത്. വർഷങ്ങൾക്കുമുമ്പ് പാത നവീകരണത്തിന്റെ ഭാഗമായി ടൗണിലെ മിക്ക കെട്ടിടങ്ങളും ഉടമകൾതന്നെ പൊളിച്ചുനീക്കി സൗകര്യം ഒരുക്കിനൽകിയിരുന്നു. കെട്ടിടങ്ങൾ ഇടിച്ചുപൊളിച്ചതോടെ വികൃതമായ കുമളി ടൗൺ ഇപ്പോഴത്തെ രൂപത്തിലേക്കാകാൻ വർഷങ്ങൾ വേണ്ടിവന്നു. അന്നത്തെ ഇടിച്ചുപൊളിക്കലും സ്ഥലം ഏറ്റെടുക്കലിനും ഒരുരൂപ പോലും നഷ്ടപരിഹാരമായി ഉടമകൾക്ക് നൽകിയിരുന്നില്ല.
പിന്നീട്, ദേശീയപാത അധികൃതർ നൽകിയ അനുമതി അനുസരിച്ചാണ് അധികൃതർ നിശ്ചയിച്ച സ്ഥലത്ത് ഉടമകൾ പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. ഇനിയൊരു വീതികൂട്ടൽ കുമളി ടൗണിനുനടുവിലൂടെ ഉണ്ടാവില്ലെന്നും ആവശ്യമെങ്കിൽ ബൈപാസ് നിർമിച്ചായിരിക്കും നാലുവരിപ്പാത ഉണ്ടാക്കുകയെന്നുമാണ് അന്ന് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് ഇപ്പോഴുള്ള പുതിയ കെട്ടിടങ്ങളും ഇടിച്ചുനിരത്താൻ പദ്ധതി ഒരുങ്ങുന്നത്.
ദേശീയപാത വീതികൂട്ടുന്നത് വണ്ടിപ്പെരിയാർ ടൗണിനെ ബാധിക്കാതിരിക്കാൻ ടൗണിനു പിന്നിലൂടെ ബൈപാസ് റോഡിന് ഇതിനകം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വണ്ടിപ്പെരിയാറിനെക്കാൾ കൂടുതൽ കെട്ടിടങ്ങളാണ് കുമളിയിൽ ഇടിച്ചുനിരത്തേണ്ടിവരിക. എന്നിട്ടും കുമളിയിൽ ബൈപാസ് സംബന്ധിച്ച് ദേശീയപാത അധികൃതർ പഠനം നടത്താതിരുന്നത് ജനപ്രതിനിധികളുടെ പിടിപ്പുകേടാണെന്ന് നാട്ടുകാർ പറയുന്നു.
ചെളിമട മുതൽ സംസ്ഥാന അതിർത്തിയിലെ ചെക്ക്പോസ്റ്റ് വരെ രണ്ടു കിലോമീറ്റർ ദൂരം നിലവിലുള്ള റോഡ് വീതികൂട്ടിയാൽ വലിയ നാശനഷ്ടമായിരിക്കും കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഉണ്ടാവുക. ടൗണിൽ റോഡിന്റെ ഒരുഭാഗത്ത് റോസാപ്പൂക്കണ്ടം -ആനവാച്ചാൽ കനാൽ ഉള്ളതിനാൽ വീതികൂട്ടൽ കഴിയുമ്പോൾ പല കെട്ടിടങ്ങളും പൂർണമായും ഇല്ലാതാകും.
ചെളിമടയിൽനിന്ന് പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഇരുന്ന ഭാഗത്തുകൂടി തേക്കടി കവല -റേഞ്ച് ഓഫിസ് മേട് വഴി തമിഴ്നാട്ടിലേക്ക്, അതല്ലെങ്കിൽ ചെളിമട - ഒന്നാംമൈൽ വഴി തമിഴ്നാട് അതിർത്തിയിൽ എത്തുംവിധം ബൈപാസ് നിർമിക്കാനാവും. എന്നാൽ, ഇത് സംബന്ധിച്ച് പഠനം നടത്താൻ അധികൃതർ ഇതേവരെ തയാറായിട്ടില്ല. ടൗണിലെ നിലവിലെ കെട്ടിടങ്ങൾക്ക് പിന്നിലുള്ള ചില വൻകിട കെട്ടിട ഉടമകളുടെ സമ്മർദമാണ് കുമളിയിൽ ബൈപാസ് ഇല്ലാതാക്കിയതിനു പിന്നിലെന്നാണ് വിവരം. നിലവിലെ കെട്ടിടങ്ങൾ റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കുന്നതോടെ ഇവരുടെ കെട്ടിടങ്ങൾ ദേശീയപാതയോരത്താകുമെന്നതാണ് സമ്മർദക്കാരുടെ നേട്ടം. ദേശീയപാത കടന്നുപോകുന്ന അതിർത്തിക്കപ്പുറത്തെ ഗൂഢല്ലൂർ, കമ്പം, ഉത്തമ പാളയം, ചിന്നമന്നൂർ, തേനി എന്നിവിടങ്ങളിലെല്ലാം ടൗണുകളെ ഒഴിവാക്കി കൃഷിയിടങ്ങൾ നികത്തിയാണ് നാലുവരിപ്പാത നിർമാണം.
ദേശീയപാത വീതികൂട്ടി കുമളി ടൗൺ വഴി കടന്നുപോയാൽ വ്യാപാര മേഖലയെയും ഇത് സാരമായി ബാധിക്കും. അതിർത്തി കടന്നെത്തുന്ന വൻകിട ചരക്കുവാഹനങ്ങളുടെ തിരക്കിനിടയിൽ ചെറുകിട വാഹനങ്ങളും നാട്ടുകാരും പ്രതിസന്ധിയിലാവും. തേക്കടിയിലെത്തുന്ന വിദേശ-സ്വദേശ വിനോദ സഞ്ചാരികൾ, ശബരിമല തീർഥാടകർ എന്നിവരെല്ലാം വാഹനത്തിരക്ക് കുറഞ്ഞ മറ്റു പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കാനിടയാക്കുന്നത് കുമളി ടൗണിലെ വ്യാപാരത്തെ തകർക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.