മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: കേരളത്തിനെതിരെ കുമളിയിലേക്ക് കർഷക മാർച്ച്
text_fieldsകുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിക്കുന്ന കേരള സർക്കാറിനെതിരെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കർഷകർ ഈമാസം 27ന് കുമളിയിലേക്ക് മാർച്ച് നടത്തും. പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾചർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന അതിർത്തിയിലെ മുല്ലപ്പെരിയാർ ശിൽപിയുടെ സ്മാരകത്തിൽനിന്ന് കുമളിയിലേക്ക് മാർച്ച് നടത്തുകയെന്ന് കോഓഡിനേറ്റർ സി.എച്ച്. അൻവർ ബാലസിങ്കം പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി തേടി കേരള സർക്കാർ ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 128 വർഷമായതിനാൽ താഴെ താമസിക്കുന്ന മനുഷ്യരുടെയും ജീവികളുടെയും ജീവന് ഭീഷണിയുണ്ട്. നിലവിലെ അണക്കെട്ടിന്റെ താഴെ പുതിയത് നിർമിച്ച് ജലം സംഭരിക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ അണക്കെട്ടിന്റെ നിർമാണ സമയത്തും പൂർത്തീകരിച്ചതിന് ശേഷവും തമിഴ്നാട്ടിലേക്കുള്ള ജലവിതരണം തടസ്സമില്ലാതെ തുടരുമെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.മന്ത്രാലയം നിവേദനം പരിശോധിച്ച് മേയ് 14ന് വിദഗ്ധ വിലയിരുത്തൽ സമിതിക്ക് അയച്ചു. കേന്ദ്ര സർക്കാറിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി 28ന് ഇതുസംബന്ധിച്ച് യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ നടപടി തമിഴ്നാട്ടിലെ കർഷകരിൽ ആശങ്കക്കിടയാക്കിയെന്ന പേരിലാണ് പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.