കോവിഡ് നിയന്ത്രണങ്ങൾ കടലാസിൽ; തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങൾ പായുന്നു
text_fieldsകുമളി: ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലയിൽനിന്ന് തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങൾ പായുമ്പോഴും നടപടി എടുക്കാതെ അധികൃതർ. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായ മാസ്കും സാമൂഹിക അകലവുമില്ലാതെ ചെറിയ വാഹനങ്ങളിൽപോലും തൊഴിലാളികളെ കുത്തിനിറച്ചാണ് യാത്ര. തമിഴ്നാട്ടിൽനിന്നെത്തുന്ന തൊഴിലാളികളുമായി നൂറിലധികം വാഹനങ്ങളാണ് ഓരോ ദിവസവും കുമളി പൊലീസ് സ്റ്റേഷനു മുന്നിലൂടെ അതിർത്തി കടക്കുന്നത്.
തമിഴ്നാട്ടിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് നിയന്ത്രണമൊന്നും പാലിക്കാതെ തൊഴിലാളി വാഹനങ്ങൾ ചീറിപ്പായുന്നത്. ചക്കുപള്ളം, ആനവിലാസം, വെള്ളാരംകുന്ന്, അമരാവതി, ശാസ്താംനട, മേരികുളം തുടങ്ങി പുറ്റടി, വണ്ടൻമേടുവരെ പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിലെത്തുന്ന തൊഴിലാളികളാണ് മാസ്കും മറ്റ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ജീപ്പുകളിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുന്നത്. വാഹനങ്ങളിൽ അനുവദനീയമായതിെൻറ മൂന്നിരട്ടിവരെ തൊഴിലാളികളെ കുത്തിനിറച്ചാണ് യാത്ര.
തോട്ടം മേഖലയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള തമിഴ്നാട് സ്വദേശികളായ ഉടമകൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ രംഗത്തു വരുന്നതിനാൽ നടപടി സ്വീകരിക്കാൻ പൊലീസിനും മടിയാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് തൊഴിലാളികളെ കുത്തിനിറച്ചുള്ള യാത്ര അപകടകരമാകുന്നതിനൊപ്പം രോഗം വ്യാപകമാകാനും ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.